ലക്ഷ്യം സ്ഫോടന പരമ്പര; ഒരേസമയം 4 നഗരങ്ങളിൽ പദ്ധതിയിട്ടു, സിഗ്നൽ ആപ്പിൽ ഗ്രൂപ്പ് ഉണ്ടാക്കി ആശയവിനിമയമെന്ന് പൊലീസ്

news image
Nov 13, 2025, 4:16 am GMT+0000 payyolionline.in

ദില്ലി: ചെങ്കോട്ട സ്ഫോടനത്തിൽ കസ്റ്റഡിയിലെടുത്തവർ സ്ഫോടന പരമ്പരയ്ക്ക് പദ്ധതിയിട്ടിരുന്നതായി പൊലീസ്. ഒരേസമയം 4 നഗരങ്ങളിൽ സ്ഫോടനത്തിനു പദ്ധതിയിട്ടു. 2 പേരടങ്ങുന്ന 4 സംഘങ്ങളായി സ്ഫോടനം നടത്താൻ ആയിരുന്നു ഇവരുടെ ശ്രമം. ഇതിനായി സിഗ്നൽ ആപ്പിൽ ഗ്രൂപ്പ് ഉണ്ടാക്കി ആയിരുന്നു ആശയവിനിമയമെന്നും പൊലീസ് പറയുന്നു. സമാന സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ട ‌ഇവർ കൂടുതൽ വാഹനങ്ങൾ വാങ്ങിയിരുന്നോ എന്നും അന്വേഷണസംഘം പരിശോധിക്കുകയാണ്. ഐ 20, എക്കോസ്പോർട്ട് കാറുകൾക്ക് പുറമേ രണ്ടു വാഹനങ്ങൾ കൂടി കസ്റ്റഡിയിലെടുത്തവർ വാങ്ങിയതായാണ് പൊലീസിന് ലഭിക്കുന്ന സൂചന. ഇവയിൽ സ്ഫോടക വസ്തുക്കൾ നിറച്ച് വലിയ ആക്രമണങ്ങൾക്ക് പദ്ധതി ഇട്ടിരുന്നതായാണ് നിഗമനം. ഇവർ വാങ്ങിയെന്ന് സംശയിക്കുന്ന രണ്ട് കാറുകൾക്കായി അന്വേഷണം ഊർജ്ജിതമാക്കി.

അതേസമയം, സ്ഫോടനത്തിനു മുൻപ് ഡോക്ടർ ഉമർ ഓൾഡ് ദില്ലിയിൽ എത്തിയിരുന്നതായി വിവരം ലഭിച്ചു. രാംലീല മൈതാനിന് സമീപമുള്ള പള്ളിയിൽ ഉമർ സമയം ചിലവിട്ടു. 10 മിനിറ്റ് നേരം ഉമർ പള്ളിയിൽ ഉണ്ടായിരുന്നു. ഇവിടെ നിന്ന് രണ്ടരയോടെയാണ് ഉമർ ചെങ്കോട്ടയ്ക്കടുത്തേക്ക് പോയത്. ഉമർ എത്തിയ പള്ളിയിലെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു കഴിഞ്ഞു.

അതിനിടെ, സ്ഫോടനം നടന്നതിന് സമീപമുള്ള ലാൽ ഖില മെട്രോ സ്റ്റേഷൻ അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്റ്റേഷൻ തുറക്കില്ല. സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തീരുമാനം. സ്ഫോടനത്തിനുശേഷം മൂന്നു ദിവസത്തേക്ക് മെട്രോ സ്റ്റേഷൻ അടച്ചിടും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe