സ്ത്രീകള്‍ക്ക് മാസം ആയിരം രൂപ പെന്‍ഷന്‍ നല്‍കുന്ന സ്ത്രീ സുരക്ഷാ പദ്ധതിയുടെ മാനദണ്ഡം തീരുമാനിച്ചു. പെന്‍ഷന്‍ കിട്ടാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിക്കാണ് അപേക്ഷ നല്‍കേണ്ടത്.
ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുന്ന മാതൃകയില്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കമ്പനി അക്കൗണ്ടിലേക്ക് നേരിട്ട് പണം നല്‍കും.
മറ്റുക്ഷേമ പദ്ധതികളില്‍ അംഗങ്ങളല്ലാത്ത 35-നും 60-നും ഇടയില്‍ പ്രായമുള്ള, അന്ത്യോദയ അന്നയോജനയിലും (മഞ്ഞ റേഷന്‍ കാര്‍ഡ്) മുന്‍ഗണന വിഭാഗങ്ങളിലും (പിങ്ക് റേഷന്‍ കാര്‍ഡ്) വരുന്ന സ്ത്രീകള്‍ക്കാണ് അര്‍ഹത. ഈ വിഭാഗങ്ങളില്‍ വരുന്ന ട്രാന്‍സ് വുമണിനും അപേക്ഷിക്കാം.
മാനദണ്ഡങ്ങള്‍ക്കുള്ളില്‍ വരുന്നു എന്ന സത്യപ്രസ്താവനയും നല്‍കണം. പ്രായം തെളിയിക്കാൻ ജനന സർട്ടിഫിക്കറ്റ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസന്‍സ് എന്നിവ ഹാജരാക്കാം.
മറ്റുരേഖകളില്ലെങ്കില്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അനര്‍ഹമായി പെന്‍ഷന്‍ നേടിയാല്‍ 18 ശതമാനം പലിശയോടെ തിരിച്ചു പിടിക്കും.
മറ്റ് മാനദണ്ഡങ്ങൾ:
സംസ്ഥാനത്ത് സ്ഥിരമായി താമസിക്കുന്ന ആളാകണം.
വിധവ, അവിവാഹിത, വികലാംഗ, സാമൂഹിക ക്ഷേമ പെന്‍ഷനുകള്‍, സര്‍വീസ്, കുടുംബ പെന്‍ഷന്‍, ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നുള്ള പെന്‍ഷന്‍, ഇപിഎഫ് പെന്‍ഷന്‍ മുതലായവ ലഭിക്കുന്നവര്‍ക്ക് അര്‍ഹതയില്ല.
കേരളത്തില്‍ നിന്ന് താമസം മാറുകയോ കേന്ദ്ര- സംസ്ഥാന, സ്വയംഭരണ, ഗ്രാന്‍ഡ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളിലോ പദ്ധതികളിലോ സ്ഥിരമോ താത്കാലികമായോ ജോലി കിട്ടുകയോ ചെയ്താല്‍ തുടര്‍ന്ന് പെന്‍ഷന്‍ കിട്ടില്ല. എന്നാല്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി പെന്‍ഷന്‍ കിട്ടാന്‍ തടസ്സമായി പറയുന്നില്ല. റേഷന്‍ കാര്‍ഡുകള്‍ നീല, വെള്ള എന്നിവയായി തരം മാറ്റപ്പെട്ടാലും പെന്‍ഷനില്ല. ഒരു മാസത്തിലേറെ റിമാന്‍ഡിലോ ജയിലിലോ ആയാലും അര്‍ഹത നഷ്ടപ്പെടും.
