ഇന്ന് ഒട്ടുമിക്ക ആളുകളും വിവിധ ആവശ്യങ്ങൾക്കായി ലാപ്ടോപ്പ് ഉപയോഗിക്കുന്നവരാണ്. എന്നാൽ മിക്ക ആളുകളും ലാപ്ടോപിന്റെ ബാറ്ററി പ്രശ്നം കാരണം ബുദ്ധിമുട്ടുന്നവരാണ്. എന്നാൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് പരിഹരിക്കാൻ സാധിക്കും.
അതിൽ പ്രധാനപ്പെട്ടതാണ് ലാപ്ടോപ്പിന്റെ താപനില ക്രമീകരിക്കുക എന്നത്. ബാറ്ററിയുടെ ഏറ്റവും വലിയ ശത്രു ചൂടാണ്. ഉയർന്ന താപനില ബാറ്ററി വേഗത്തിൽ നശിക്കാൻ കാരണമാകും. ഇതിനാൽ ലാപ്‌ടോപ്പ് എല്ലായ്പ്പോഴും തണുപ്പുള്ള പ്രതലത്തിൽ വച്ച്ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ലാപ്‌ടോപ്പിൻ്റെ അടിയിലുള്ള വെൻ്റിലേഷൻ പോർട്ടുകൾ ഒരിക്കലും തുണികൊണ്ടോ ബെഡ്ഷീറ്റ് കൊണ്ടോ മൂടാതിരിക്കുക. ലാപ്‌ടോപ്പ് കൂളിംഗ് പാഡ് ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. സൂര്യരശ്മി നേരിട്ട് ലഭിക്കുന്ന സ്ഥലങ്ങളിൽ ലാപ്ടോപ്പ് ഉപയോഗിക്കാത്തതിരിക്കുക.
മറ്റൊരു പ്രധാന കാര്യം ചാർജിംഗ് നില നിയന്ത്രിക്കുക എന്നതാണ്. ബാറ്ററി 0% ആവുന്നതും 100% നിറഞ്ഞിരിക്കുന്നതും ബാറ്ററിയുടെ ആയുസ്സിന് മോശമാണ്. ബാറ്ററി ചാർജ് 40% നും 80% നും ഇടയിൽ നിലനിർതുന്നതായിരിക്കും ഉചിതം. ലാപ്‌ടോപ്പിലെ ബാറ്ററി ഒപ്റ്റിമൈസേഷൻ/ഹെൽത്ത് മോഡുകൾ ഓൺ ചെയ്യുക. ബാറ്ററി 20% ൽ താഴെയാവുന്നതിന് മുമ്പ് പരമാവധി ലാപ് ചാർജ് ചെയ്യുക. ചാർജ് ചെയ്യുമ്പോൾ എപ്പോഴും ലാപ്‌ടോപ്പിനൊപ്പം ലഭിച്ച ഒറിജിനൽ ചാർജർ മാത്രം ഉപയോഗിക്കുക എന്നതും പ്രധാനമാണ്. കുറഞ്ഞ ഗുണനിലവാരമുള്ള തേർഡ് പാർട്ടി ചാർജറുകൾ ലാപിന്റെ ആയുസ്സിനെ നശിപ്പിക്കും. മറ്റൊന്നാണ് കണക്റ്റിവിറ്റി പരിമിതപ്പെടുത്തുക എന്നത്. വൈ-ഫൈ, ബ്ലൂടൂത്ത് പോലുള്ള വയർലെസ് കണക്ഷനുകൾ ബാറ്ററി പെട്ടെന്ന് തീർക്കും. ഉപയോഗമില്ലാത്തപ്പോൾ Wi-Fi, Bluetooth എന്നിവ ഓഫ് ചെയ്യുക. ലാപ്‌ടോപ്പിൽ അനാവശ്യമായി കണക്ട് ചെയ്തിട്ടുള്ള യുഎസ്ബി ഉപകരണങ്ങൾ ഒഴിവാക്കുകയും ചെയ്യണം.
കൂടാതെ ലാപ്പിലെ ചില സോഫ്റ്റ്‌വെയർ ക്രമീകരണങ്ങൾ മാറ്റുന്നത് വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ സഹായകമാകും. ആവശ്യത്തിലധികം സ്‌ക്രീൻ ബ്രൈറ്റ്‌നസ് വയ്ക്കാതിരിക്കുക. ആവശ്യമില്ലാത്ത ബാക്ക്ഗ്രൗണ്ട് ആപ്പുകളും പ്രോസസ്സുകളും അടയ്ക്കുക എന്നതും വിൻഡോസിൽ “Power Saver” മോഡിലും മാക്ബുക്കിൽ “Low Power Mode” ലും പ്രവർത്തിക്കുക എന്നതും ബാറ്ററി ഹെൽത്ത് വർധിപ്പിക്കാൻ സഹായിക്കും.
