കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ കൊയിലാണ്ടി സ്വദേശികളുടെ ബാഗിൽ നിന്നു 50 ലക്ഷത്തിലേറെ രൂപയുടെ സ്വർണ, വജ്രാഭരണങ്ങൾ കവർന്ന സംഘത്തിന്റെ കയ്യടക്കം ആരെയും അദ്ഭുതപ്പെടുത്തുന്നത്. ട്രെയിനിലെ സഹയാത്രക്കാരായിരുന്ന സംഘം കൊയിലാണ്ടിക്കാരും ചെന്നൈയിൽ ഹോട്ടൽ ബിസിനസ് നടത്തുകയും ചെയ്യുന്ന അബ്ദുൽ നാസറിനെയും ഭാര്യ ഷെഹർ ബാനുവിനെയും കൊയിലാണ്ടിയിൽ ട്രെയിൻ ഇറങ്ങുമ്പോൾ സഹായിക്കുന്നതിനിടെ വളരെ വിദഗ്ധമായാണ് കവർച്ച നടത്തിയത്. എസി കോച്ചിൽ നിന്ന് കൊയിലാണ്ടിയിൽ ഇറങ്ങുമ്പോൾ 4 പേരടങ്ങുന്ന സംഘം 3 മിനിറ്റാണ് ബാഗ് പിടിച്ചു കൊടുത്ത് സഹായിച്ചത്.വീട്ടിലെത്തിയപ്പോഴാണ് ബാഗിനുള്ളിൽ മറ്റൊരു പെട്ടിയിൽ സൂക്ഷിച്ച ആഭരണം കവർന്നത് തിരിച്ചറിഞ്ഞത്. മിനിറ്റുകൾക്കകമാണ് സ്വർണം നഷ്ടപ്പെട്ടത്. ഉടനെ റെയിൽവേ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പ്രതികൾ ഷൊർണൂരിൽ നിന്നാണ് ഇവരുടെ കോച്ചിൽ കയറിയത്. ഇവർ പലതവണ കോച്ചിനുള്ളിൽ നടന്നിരുന്നു.കൂറ്റൻ പെട്ടിക്കകത്തെ മറ്റൊരു പെട്ടിയിൽ സൂക്ഷിച്ച 50 ലക്ഷത്തിലേറെ വരുന്ന ആഭരണം എങ്ങനെ ഇവർ കണ്ടെത്തിയെന്നത് അത്ഭുതമാണെന്ന് അബ്ദുൽ നാസറും ഷെഹർ ബാനുവും പറയുന്നു. ചേവരമ്പലത്തെ ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ ധരിക്കാനാണ് ഡയമണ്ട് ആഭരണങ്ങൾ കൊണ്ടു വന്നതെന്ന് ഷെഹർ ബാനു പറഞ്ഞു. 50 വർഷമായി ചെന്നൈയിലാണ് ഹോട്ടൽ ബിസിനസ്. കോഴിക്കോട്ടെ പ്രമുഖ ബിസിനസ് ഗ്രൂപ്പ് ഉടമയുടെ ബന്ധുവാണ് അബ്ദുൽ നാസർ.
എസി കോച്ചിലെ യാത്രക്കാരുടെ ലിസ്റ്റ് പരിശോധിച്ചാണ് പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. പ്രതികൾ ഒരേ സമയം വിവിധ ട്രെയിനുകളിൽ ഉയർന്ന നിരക്കിലുള്ള ടിക്കറ്റുകൾ റിസർവ് ചെയ്തിട്ടുണ്ട്. കവർച്ച നടത്തിയ ട്രെയിനിലും വിവിധ കോച്ചിലും റിസർവ് ചെയ്തിരുന്നു. കവർച്ചയ്ക്കു ശേഷം കോച്ച് മാറിയും മറ്റു ട്രെയിനിൽ കയറിയും രക്ഷപ്പെടുകയാണ് രീതിയെന്ന് പൊലീസ് പറഞ്ഞു. ഹരിയാന കേന്ദ്രീകരിച്ച് ഹിസാർ ജില്ലയിലെ കവർച്ച ഗ്രാമത്തിലെ ‘സാസി’ കവർച്ച സംഘമായ ഇവർ രാജ്യത്ത് വ്യാപകമായി ട്രെയിനിൽ കവർച്ച നടത്തി കഴിയുകയായിരുന്നു. ട്രെയിൻ കവർച്ച നടത്തിയ സംഭവത്തിൽ റെയിൽവേ ആർപിഎഫ് ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് സംസ്ഥാന അതിർത്തിയിലും മറ്റും എല്ലാ ട്രെയിനും പരിശോധിച്ചാണ് പ്രതികൾ രക്ഷപ്പെടും മുൻപ് വലയിലാക്കിയത്.
