എറണാകുളം: തിരുവനന്തപുരം കോർപറേഷനിലെ വോട്ട് വെട്ടലിന്റെ ഇരയായ മുട്ടടയിലെ യു.ഡി.എഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിനെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. 24 വയസുള്ള പെൺകുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുതെന്ന് കോടതി പറഞ്ഞു.
വോട്ട് വെട്ടലിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിൽ ഇടപെട്ടുകൊണ്ട് ഹൈക്കോടതിയുടെ കർശന നിർദേശം.
വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ അസാധാരണ അധികാരം ഉപയോഗിക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.
വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് അനീതിയാണെന്നും, രാഷ്ട്രീയകാരണങ്ങളാൽ ഒഴിവാക്കുകയല്ല വേണ്ടതെന്നും ഹരജി പരിഗണിച്ച ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.
വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടിയെടുക്കണം. ഒരാൾ മത്സരിക്കാൻ ഇറങ്ങിയതാണ്, സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. രാഷ്ട്രീയ കാരണത്താൽ ഒഴിവാക്കുകയല്ല വേണ്ടത് -കോടതി വ്യക്തമാക്കി.
മുട്ടടയിലെ സ്ഥിരതാമസക്കാരിയായ വൈഷ്ണവയെ സ്ഥിരതാമസക്കാരിയല്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയത്. അടിയന്തര സ്വഭാവം മാനിച്ചാണ് ഹൈക്കോടതി തിങ്കളാഴ്ച കേസ് പരിഗണിച്ചത്.
ചൊവ്വാഴ്ച വീണ്ടും ഹിയറിങ് നടത്തി 19 ന് മുമ്പ് ഉത്തരവ് ഇറക്കണമെന്നും ജില്ലാ കലക്ടറോട് ഹൈക്കോടതി ആവശ്യപ്പെട്ടു. രേഖകൾ പരിശോധിച്ച് തീരുമാനമെടുക്കണം. പരാതിക്കാരനായ ധനേഷ് കുമാറിനോട് ഹിയറിങ്ങിൽ ഹാജരാകണമെന്നും ഹൈക്കോടതി നിർദേശമുണ്ട്.
സാങ്കേതിക കാരണങ്ങളായി പറയുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിഴവാണെന്നും, തന്റെ ഭാഗത്തു നിന്നുള്ള പിഴവല്ലെന്നും വൈഷ്ണ കോടതിയിൽ പറഞ്ഞു.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യു.ഡി.എഫ് അവതരിപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയാണ് 24കാരിയായ വൈഷ്ണ സുരേഷ്.
ആദ്യം പ്രസിദ്ധീകരിച്ച പട്ടികയില്‍ പേരുണ്ടായിരുന്നുവെന്നും, സി.പി.എം പരാതി നല്കിയപ്പോള് സ്ഥിരതാമസക്കാരിയെന്നതിന്റെ രേഖകളെല്ലാം ഹാജരാക്കിയതാവും ഇവർ പറഞ്ഞു.
