കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷൻ മേയർ സ്ഥാനാർത്ഥിയും സംവിധായകനുമായ വി എം വിനുവിന് വോട്ടില്ല. പുതിയ പട്ടികയിലാണ് വി എം വിനുവിന് വോട്ടില്ലെന്ന വിവരം ശ്രദ്ധയിൽപെട്ടത്. വി എം വിനു കല്ലായി ഡിവിഷനിൽ പ്രചാരണം തുടങ്ങിയിരുന്നു. കോണ്‍ഗ്രസിനും യുഡിഎഫിനും ഇപ്പോള്‍ മാത്രമാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും വിനു വോട്ട് ചെയ്തിരുന്നു. മലാപ്പറമ്പ് ഡിവിഷനിൽ നിന്നാണ് വിനു വോട്ട് ചെയ്തിരുന്നത്. വേറെ ഒരിടത്തേക്കും താമസം മാറുകയോ മറ്റൊരിടത്ത് പോയി താമസിക്കുകയോ ചെയ്തിരുന്നില്ല. അതിനാൽ തന്നെ അവിടത്തെ വോട്ടര്‍ പട്ടികയിൽ പേരുണ്ടാകുമെന്നാണ് കരുതിയിരുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു. പല ഘട്ടങ്ങളിലായി വോട്ടര്‍ പട്ടിക വന്നപ്പോഴും ഒഴിവാക്കപ്പെട്ടവരുടെ ലിസ്റ്റിലൊന്നും തന്നെ വി എം വിനുവിന്‍റെ പേരുണ്ടായിരുന്നില്ലെന്നും നേതൃത്വം പറയുന്നു. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. കോഴിക്കോട് കോര്‍പറേഷനിൽ വന്‍ തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടിരിക്കുന്നത്.
ദീര്‍ഘനാളായി കോഴിക്കോട് സിവിൽ സ്റ്റേഷന് സമീപമാണ് വിഎം വിനു താമസിക്കുന്നത്. പൊതുസ്വീകാര്യൻ എന്ന നിലയിൽ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയായിട്ടാണ് വിഎം വിനുവിനെ മത്സരിപ്പിക്കാനൊരുങ്ങിയത്. ഹിറ്റ് സിനിമകളുടെ സംവിധായനായ വിഎം വിനു ഭരണകാര്യങ്ങളിലടക്കം അഭിപ്രായം തുറന്നുപറയാറുണ്ട്.
