പാലക്കാട്: ബലാത്സംഗ കേസിൽ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിൽ ഒളിച്ചത് തമിഴ്‌നാട്- കര്‍ണാടക അതിര്‍ത്തിയായ ബാഗലൂരില്‍ ആണെന്ന് പുതിയ വിവരം. ഇന്നലെ രാവിലെ വരെ രാഹുൽ ഇവിടെയായിരുന്നു. അതിന് ശേഷം കർണാടകയിലേക്ക് കടന്നതായാണ് സംശയം. ഒളിവിലുള്ള രാഹുൽ കാറുകൾ മാറി മാറി ഉപയോഗിക്കുന്നതായും സംശയമുണ്ട്. കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവടങ്ങളിലും താമസിച്ചതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനായി അന്വേഷണസംഘം തമിഴ്നാട്ടിലെത്തി. ഒന്നിലധികം സംഘങ്ങളാണ് തിരച്ചിൽ നടത്തുന്നത്. അന്വേഷണസംഘം തമിഴ്നാട് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായം തേടി. ഞായറാഴ്ച വരെയുള്ള രാഹുലിന്റെ സഞ്ചാരപാത ലഭിച്ചെന്നാണ് സൂചന. കോയമ്പത്തൂരും പൊള്ളാച്ചിയും കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുന്നത്. സഹായത്തിനായി തമിഴ്നാട് ക്യൂ ബ്രാഞ്ചും ഒപ്പമുണ്ട്.
