പരസ്യപ്രചാരണത്തിന് നാളെ തിരശ്ശീല; നാട്​ കൊട്ടിക്കലാശ മൂഡിൽ

news image
Dec 6, 2025, 6:31 am GMT+0000 payyolionline.in

തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ്ങിന് മുന്നോടിയായി പരസ്യപ്രചാരണം ഞായറാഴ്ച അവസാനിക്കാനിരിക്കെ നാടെങ്ങും കൊട്ടിക്കലാശ മൂഡിൽ. ഇതോടെ ഹൈറേഞ്ചിലും ലോറേഞ്ചിലുമെല്ലാം ശബ്ദപ്രചാരണം സജീവമായി. സ്ഥാനാർഥികളുടെയും മുന്നണികളുടെയും വാഴ്ത്തിയുള്ള അനൗൺസ്മെന്‍റെുകളും പാരഡി ഗാനങ്ങളുമെല്ലാമായി പ്രചാരണ വാഹനങ്ങൾ സജീവമാണ്. ഞായറാഴ്ച വൈകീട്ട് ആറിന് പരസ്യ പ്രചാരണം അവസാനിക്കും. ഒമ്പതിന് വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് പരസ്യപ്രചാരണം അവസാനിക്കുന്നത്.

കർശന നിർദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമീഷൻ

പരസ്യപ്രചാരണം അവസാനിക്കുന്ന സമയത്ത് രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന കൊട്ടിക്കലാശം പോലുള്ള പരിപാടികള്‍ സമാധാനപരമായിരിക്കണമെന്നും ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും കമീഷൻ നിർദേശിച്ചിട്ടുണ്ട്. മാര്‍ഗ തടസ്സം സൃഷ്ടിച്ചുള്ള സമാപന പരിപാടികള്‍ പാടില്ല. പരസ്യപ്രചാരണത്തിന്റെ സമാപനത്തിലുണ്ടാകുന്ന തര്‍ക്കങ്ങളും ശബ്ദ നിയന്ത്രണമില്ലാതെയുള്ള അനൗണ്‍സ്‌മെന്റുകളും കര്‍ശനമായി നിയന്ത്രിക്കും. സമാപനത്തിലും മാതൃകാ പെരുമാറ്റച്ചട്ടവും ഹരിതച്ചട്ടവും പാലിക്കുന്നുണ്ടെന്ന് സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ഉറപ്പുവരുത്തണം.

കണക്കുകൂട്ടലുകൾക്ക് ശേഷം വോട്ടുറപ്പിക്കാൻ ഓട്ടം

പരസ്യ പ്രചാരണ സമാപനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ നാടെങ്ങും വോട്ടുറപ്പിക്കൽ മൂഡിലാണ്. പ്രാദേശിക തലത്തിൽ സ്ഥാനാർഥികളും പ്രവർത്തകരും അവസാനവട്ട ഗൃഹസന്ദർശന തിരക്കുകളിലേക്ക് കടന്നു. കൂട്ടലുകൾക്കും കിഴിക്കലുകൾക്കും ശേഷം വിജയമുറപ്പാക്കാനുള്ള അവസാനവട്ട മിനിക്കുപണികളിലാണ് സ്ഥാനാർഥികൾ. വിട്ടുപോയവരെ നേരിൽ കാണാനും ഫോണിൽ വിളിക്കാനുമെല്ലാം ഈ ദിവസങ്ങളിൽ സമയം ചെലവഴിക്കുന്നുണ്ട്. ഞായറാഴ്ച കൊട്ടിക്കലാശ തിരക്കായതിനാൽ ഉച്ചക്ക് ശേഷം സ്ഥാനാർഥികളും അവിടെ സജീവമാകും അതുകൊണ്ട് തന്നെ പരമാവധി പേരെ ശനിയാഴ്ച തന്നെ കണ്ട് അവസാന വട്ട വോട്ടുറപ്പിക്കൽ നടത്താനുള്ള വ്യഗ്രതയിലാണ് സ്ഥാനാർഥികളും പ്രവർത്തകരും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe