ദിലീപ് കുറ്റക്കാരനാണെന്ന് ഒരുഘട്ടത്തിലും തോന്നിയിട്ടില്ല, നമ്മൾ ആഗ്രഹിക്കുന്ന വിധി കോടതിയിൽനിന്ന് വരണമെന്നില്ല -രമേഷ് പിഷാരടി

news image
Dec 9, 2025, 10:05 am GMT+0000 payyolionline.in

കോട്ടയം: നടിയെ ആക്രമിച്ച കേസില്‍ ഒരു ഘട്ടത്തില്‍ പോലും ദിലീപ് കുറ്റക്കാരനാണെന്ന് തോന്നിയിട്ടില്ലെന്ന് നടൻ രമേഷ് പിഷാരടി. എപ്പോഴും നമ്മൾ ആഗ്രഹിക്കുന്ന വിധി കോടതിയിൽനിന്ന് വരണമെന്നില്ല. ദിലീപ് കുറ്റം ചെയ്തിട്ടില്ലെങ്കിൽ അദ്ദേഹം വേട്ടയാടപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ദിലീപ് കുറ്റക്കാരനാണെന്ന് തോന്നാനുള്ളതൊന്നും തന്റെ കൈയിലില്ല. ദിലീപിനെതിരെ ആരോപണം ഉന്നയിച്ചയാളെ വ്യക്തിപരമായി പരിചയമില്ല. അതിജീവിതക്കൊപ്പമാണ് നിൽക്കുന്നതെന്നും വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ താരം വ്യക്തമാക്കി.

“നടിയെ ആക്രമിച്ച കേസിലെ വിധിയെക്കുറിച്ചുള്ള എന്റെ അഭിപ്രായത്തിന് പ്രസക്തിയില്ലെന്നാണ് തോന്നുന്നത്. നീതിയെ സംബന്ധിച്ച് രണ്ട് കാര്യങ്ങളാണ്, ഞാനും നിങ്ങളും മാധ്യമങ്ങളുമൊക്കെ തീരുമാനിക്കുന്ന നീതിയുണ്ട്. ഇതുകൂടാതെ കോടതിക്ക് മുന്നിൽ വരുന്ന തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ തീരുമാനിക്കപ്പെടുന്ന നീതിയുമുണ്ട്. ഈ രണ്ട് നീതികളും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടാകാം, ഉണ്ടാകാതിരിക്കാം. എപ്പോഴും നമ്മൾ ആഗ്രഹിക്കുന്ന വിധി കോടതിയിൽനിന്ന് വരണമെന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ കോടതി പറയുന്ന കാര്യങ്ങൾ വിശ്വസിക്കുക എന്നത് മാത്രമെ എനിക്ക് ചെയ്യാനുള്ളൂ.

ദിലീപ് കുറ്റം ചെയ്തിട്ടില്ലെങ്കിൽ അദ്ദേഹം വേട്ടയാടപ്പെടുകയാണ് ചെയ്തിട്ടുള്ളത്. അത് തെളിയിക്കേണ്ടത് അദ്ദേഹമാണ്. വ്യക്തിപരമായ അഭിപ്രായ പ്രകടനത്തിന് ഇവിടെ പ്രസക്തിയില്ല. എനിക്ക് ഇവരൊക്കെയുമായി വ്യക്തി ബന്ധമുണ്ട്. ഞാൻ അതിജീവിതക്കൊപ്പമാണ് നിൽക്കുന്നത്. അവർക്ക് മാനസിക പിന്തുണ നൽകാനല്ലേ നമുക്ക് പറ്റൂ. ദിലീപ് കുറ്റക്കാരനാണെന്ന് ഒരുഘട്ടത്തിലും എനിക്ക് തോന്നിയിട്ടില്ല. കാരണം അങ്ങനെ തോന്നാനുള്ളതൊന്നും എന്റെ കൈയിലില്ല. ദിലീപിനെതിരെ ആരോപണം ഉന്നയിച്ചയാളെ എനിക്ക് വ്യക്തിപരമായി പരിചയമില്ല. അപ്പോൾ, ഇത് കേട്ടയുടനെ ഒരാൾ കുറ്റക്കാരനാണ് എന്നെനിക്ക് അനുമാനിക്കാൻ കഴിയില്ലല്ലോ” -രമേഷ് പിഷാരടി പറഞ്ഞു.

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 439 ദിവസങ്ങളായി നടന്ന വിചാരണ നടപടികൾക്കൊടുവിൽ തിങ്കളാഴ്ചയാണ് നടൻ ദിലീപിനെ കുറ്റമുക്തനായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് വിധിച്ചത്. ആറുപേരെ കുറ്റക്കാരായി കണ്ടെത്തിയ കോടതി, മറ്റു നാലുപേരെയും വിട്ടയച്ചു. ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe