രണ്ട് പേർ ഒഴികെ മറ്റാർക്കും ദിലീപിന്‍റെ സിനിമ കാണാൻ താൽപര്യം ഇല്ലായിരുന്നു, ബസിലെ പ്രതിഷേധത്തിനെക്കുറിച്ച് രശ്മി

news image
Dec 15, 2025, 4:09 pm GMT+0000 payyolionline.in

തിരുവനന്തപുരം: കൂട്ടബലാത്സംഗക്കേസിൽ കുറ്റവിമുക്തനായ നടൻ ദിലീപിന്റെ സിനിമ കെ.എസ്.ആർ.ടി.സി ബസിൽ പ്രദർശിപ്പിച്ചതിന്റെ പേരിൽ പേരിൽ തർക്കവും പ്രതിഷേധവും ഉണ്ടായിരുന്നു. പത്തനംതിട്ട സ്വദേശിനി രശ്മി ആർ. ശേഖറാണ് ബസിൽ പ്രതിഷേധവുമായി ആദ്യമെത്തിയിരുന്നത്. തൊട്ടില്‍പ്പാലം കെ.എസ്.ആർ.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം. വിഷയത്തിൽ രശ്മി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
‘ബസിലെ എല്ലാ യാത്രക്കാരോടും ഞാൻ ചോദിച്ചു, രണ്ട് പേർ ഒഴികെ മറ്റുളളവരെല്ലാം കാണാൻ താൽപര്യം ഇല്ലെന്നാണ് പറഞ്ഞത്. വിഷയത്തിൽ കീഴ്ക്കോടതി മാത്രമാണ് വിധി പുറപ്പെടുവിച്ചത്, കേസ് ഇപ്പോഴും ഉയർന്ന കോടതിയിൽ പരിഗണനയിലാണ്. അതിജീവിച്ചയാൾക്ക് നീതി ലഭിക്കുന്നത് വരെ ആത്മാഭിമാനമുളള എല്ലാ സ്ത്രീകളും അവൾക്കൊപ്പം നിൽക്കണം’ -രശ്മി പറഞ്ഞു.
ബസ് യാത്ര പുറപ്പെട്ട വേളയില്‍ത്തന്നെ ദിലീപ് നായകനായ ‘പറക്കുംതളിക’ എന്ന സിനിമ പ്രദര്‍ശിപ്പിക്കാൻ ആരംഭിച്ചിരുന്നു. ഇതോടെ ഈ വഷളന്റെ സിനിമയാണല്ലോ പ്രദര്‍ശിപ്പിക്കുന്നതെന്ന് രശ്മിയുടെ മകന്‍ ചോദിച്ചു. ഇതോടെ രശ്മി കണ്ടക്ടറോട് പറഞ്ഞ് സിനിമ ഒഴിവാക്കാനോ അല്ലെങ്കില്‍ മറ്റേതെങ്കിലും സിനിമ പ്രദര്‍ശിപ്പിക്കാനോ ആവശ്യപ്പെട്ടു. എന്നാല്‍ കണ്ടക്ടര്‍ ആദ്യഘട്ടത്തില്‍ ആവശ്യം നിരാകരിച്ചു. അടൂരിലേക്കായിരുന്നു രശ്മിക്ക് പോവേണ്ടിയിരുന്നത്.

 

ആവശ്യം അംഗീകരിച്ചില്ലെങ്കിൽ അടുത്ത സ്റ്റോപ്പിൽ ഇറക്കണമെന്നും അവർ പറഞ്ഞു. അതോടെ, അടുത്ത സ്റ്റോപ്പായ വട്ടപ്പാറയിലേക്ക് ടിക്കറ്റ് നല്‍കി അവിടെ ഇറങ്ങാന്‍ രശ്മിയോട് കണ്ടക്ടർ ആവശ്യപ്പെടുകയും ചെയ്തു.
2017 ൽ നടി ആക്രമിക്കപ്പെട്ട കേസുമായി നടന്‍റെ ബന്ധം ചൂണ്ടിക്കാട്ടിയാണ് ബസിൽ സിനിമ പ്രദർശിപ്പി്ക്കുന്നത് എതിർത്തത്. പ്രതിഷേധത്തെ തുടർന്ന് സിനിമ ഓഫ് ചെയ്യുകയായിരുന്നു. ബസിലെ മറ്റു ചില യാത്രക്കാരും രശ്മിയെ പിന്തുണച്ചു. വനിതകളായ യാത്രക്കാരെല്ലാം ദിലീപിന്‍റെ സിനിമ പ്രദർശിപ്പിക്കരുത് എന്ന അഭിപ്രായക്കാരായിരുന്നു എന്ന് രശ്മമി പറഞ്ഞു. എന്നാൽ കുറ്റവിമുക്തനായ സാഹചര്യത്തില്‍ ദിലീപ് ചിത്രം വെക്കുന്നതില്‍ തെറ്റില്ലെന്ന് അഭിപ്രായപ്പെട്ടവരും ബസിലുണ്ടായിരുന്നു. നടനെ പിന്തുണച്ച് ഇവർ വന്നതോടെ ബസിൽ വാക്ക് തർക്കങ്ങൾ പ്രതിഷേധത്തിലെക്ക് നീണ്ടു.ബസിലുള്ള യാത്രക്കാരില്‍ ഭൂരിഭാഗം പേരും ദിലീപിന്റെ ചിത്രം വേണ്ട എന്ന നിലപാട് സ്വീകരിച്ചതോടെ കണ്ടക്ടര്‍ സിനിമ പ്രദർശിപ്പിക്കുന്നത് ഒഴിവാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe