ശബരിമലസന്നിധിയിലെത്തുന്ന മാളികപ്പുറങ്ങളും കുട്ടി അയ്യപ്പന്മാരും പതിനെട്ടാംപടിയുടെ വശങ്ങളിലൂടെ പടി കയറണമെന്ന നിര്‍ദേശവുമായി പോലീസ്. പടിയുടെ വശങ്ങളിലായി നില്ക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഭക്തരെ പിടിച്ചുകയറ്റാന്‍ സഹായിക്കുന്നതിനാണിത്. ഇതുസംബന്ധിച്ച് മെഗാഫോണിലൂടെ നിര്‍ദേശം നല്കുന്ന സംവിധാനത്തിന് പതിനെട്ടാംപടിക്ക് താഴെ സന്നിധാനം സ്പെഷ്യല്‍ ഓഫീസര്‍ പി. ബാലകൃഷ്ണന് നായര്‍ തുടക്കംകുറിച്ചു.
പതിനെട്ടാംപടിയുടെ താഴെ ഡ്യൂട്ടിയിലുള്ള പോലീസുകാരും റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് ടീമും ഇക്കാര്യം മെഗാഫോണിലൂടെ ഭക്തരെ അറിയിക്കുന്നുണ്ട്. സ്ത്രീകളെയും കുട്ടികളെയും സുരക്ഷിതമായി പടി കയറിയെത്തുന്നതിന് സഹായിക്കുകയാണ് ലക്ഷ്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ഇടവിട്ട് മെഗാഫോണിലൂടെ ഇക്കാര്യം അനൗണ്‍സ് ചെയ്യുന്നുണ്ട്.
ഫോട്ടോഗ്രഫിക്കും വീഡിയോഗ്രഫിക്കും കര്‍ശന നിയന്ത്രണം
പതിനെട്ടാംപടി, സോപാനം, തിരുമുറ്റം, മാളികപ്പുറം എന്നിവിടങ്ങളില്‍ മൊബൈല്‍ ഫോണും മറ്റു ക്യാമറകളും ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നതും വീഡിയോ ചിത്രീകരിക്കുന്നതും കര്‍ശനമായി നിരോധിച്ചിരിക്കുന്നതായി പോലീസ് അറിയിച്ചു. ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. നിരോധനം ലംഘിച്ച് ഫോട്ടോയും വീഡിയോയും ചിത്രീകരിക്കുന്നവര്‍ക്കെതിരേ കര്‍ശന നിയമ നടപടി സ്വീകരിക്കുന്നതാണെന്നും പൊലീസ് അറിയിച്ചു
പരാതിയുണ്ടോ? പരിഹാരത്തിന് ഡിഎല്‍എസ്എയുണ്ട്
ശബരിമല സന്നിധിയിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള പരാതിയുണ്ടെങ്കില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ലീഗല്‍ എയ്ഡ് പോസ്റ്റിലെത്തി പരാതി നല്‍കാം. ഉദ്യോഗസ്ഥരില്‍ നിന്നും ജീവനക്കാരില്‍ നിന്നുമുള്ള മോശം പെരുമാറ്റം, വ്യാപാര സ്ഥാപനങ്ങള്‍ അമിത വില ഈടാക്കല്‍, മോഷണം തുടങ്ങി ഏതു വിഷയത്തിലും അയ്യപ്പഭക്തര്‍ക്ക് കൗണ്ടറില്‍ പരാതി നല്‍കാം.
ഈ വര്‍ഷം പരാതികള്‍ കുറവാണെന്ന് എയ്ഡ് പോസ്റ്റ് കോ-ഓഡിനേറ്റര്‍ ടി. രാജേഷ് പറഞ്ഞു. പോലീസിനെക്കുറിച്ചുള്ള പരാതികള്‍ ഒന്നുപോലും ഇതുവരെ ഈ വര്‍ഷം ലഭിച്ചിട്ടില്ല. പരാതികള്‍ ലഭിച്ച ബന്ധപ്പെട്ട വകുപ്പിനെ അറിയിച്ച് തുടര്‍ നടപടി സ്വീകരിക്കും. ജീവനക്കാരുമായി ബന്ധപ്പെട്ട പരാതികള്‍ ശബരിമല അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന് കൈമാറി പരിഹാരം ഉറപ്പാക്കും. ജീവനക്കാരുടെ പെരുമാറ്റം സംബന്ധിച്ച് നിരീക്ഷിക്കാന്‍ രഹസ്യപരിശോധന നടത്തുന്നുണ്ട്. കൂടാതെ വ്യാപാര സ്ഥാപനങ്ങളിലും നിരീക്ഷണമുണ്ടെന്നും രാജേഷ് പറഞ്ഞു. മദ്യത്തിന്റെയും പുകവലിയുടെയും ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാലും ഉടന്‍ പോലീസിന്റെ സഹായത്തോടെ നടപടി സ്വീകരിക്കും. സന്നിധാനത്തിന് പുറമേ പമ്പയിലും എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി മണ്ഡലകാലത്ത് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഗൗരവസ്വഭാവമുള്ള പരാതികള്‍ ദേവസ്വം സ്പെഷ്യല്‍ കമ്മീഷണര്‍ക്ക് കൈമാറും.
പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ കീഴിലാണ് ലീഗല്‍ എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിക്കുന്നത്. വടക്കേനടയില്‍ സന്നിധാനം പോലീസ് സ്റ്റേഷന്റെ സമീപമാണ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിക്കുന്നത്. പരാതിയുമായി ബന്ധപ്പെട്ട് സൗജന്യ നിയമസഹായം ഡിഎല്‍എസ്എ ലഭ്യമാക്കും. കേസ് നടത്തിപ്പിന് അഭിഭാഷകരുടെ സേവനവും ഉറപ്പാക്കുന്നുണ്ട്. താലൂക്ക്, ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളില്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സേവനം ലഭ്യമാണ്. വനിതകള്‍ക്ക് പൂര്‍ണമായും നാലു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള പുരുഷന്മാര്ക്കും സൗജന്യ നിയമസഹായം ലഭിക്കും.
