ദില്ലി: ടിക്കറ്റില്ലാതെയും നിയമവിരുദ്ധമായും യാത്ര ചെയ്യുന്നവരിൽ നിന്ന് 2024-25 സാമ്പത്തിക വർഷം റെയിൽവേ ഈടാക്കിയത് വൻ തുക. ഏപ്രിൽ മുതൽ നവംബർ വരെയുള്ള കണക്കുകൾ പ്രകാരം 1,781.48 കോടി രൂപയാണ് പിഴയിനത്തിൽ മാത്രം റെയിൽവേക്ക് ലഭിച്ചതെന്ന് അശ്വിനി വൈഷ്ണവ് ലോക്സഭയെ അറിയിച്ചു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് പിഴ വരുമാനത്തിൽ 10.37 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്.
ഏകദേശം 2.35 കോടി യാത്രക്കാരാണ് ടിക്കറ്റില്ലാതെയോ കൃത്യമായ രേഖകളില്ലാതെയോ യാത്ര ചെയ്തതിന് ഈ സാമ്പത്തിക വർഷം പിടിയിലായത്. കഴിഞ്ഞ വർഷം ഇത് 2.19 കോടിയായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,614.07 കോടി രൂപയായിരുന്നു പിഴ വരുമാനം. ഈ വർഷം അത് 167 കോടിയിലധികം രൂപ വർദ്ധിച്ചു. സ്പെഷ്യൽ ട്രയിനുകൾ കൂട്ടിയതും, ദീർഘദൂര ട്രെയിനുകളിലും സബർബൻ ട്രെയിനുകളിലും റെയിൽവേ പരിശോധന കർശനമാക്കിയതാണ് ഇത്രയും വലിയ തുക പിഴയായി ലഭിക്കാൻ മറ്റൊരു പ്രധാന കാരണം.
ടിക്കറ്റില്ലാത്ത യാത്രകൾ ഒഴിവാക്കാൻ നിരന്തരമായ ബോധവൽക്കരണം നടത്തുന്നുണ്ടെങ്കിലും പലരും ഇത് അവഗണിക്കുകയാണെന്ന് റെയിൽവേ അധികൃതർ പറയുന്നു. വരും ദിവസങ്ങളിൽ കൂടുതൽ സ്പെഷ്യൽ ടിക്കറ്റ് പരിശോധന സംഘങ്ങളെ വിന്യസിക്കാനാണ് റെയിൽവേയുടെ തീരുമാനം
