വടകര : പാലോളിപ്പാലത്ത് സ്വകാര്യ ബസു സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് പരുക്കേറ്റു. സ്കൂട്ടർ യാത്രിക്കാർക്കാണ് പരുക്കേറ്റത്. ഇരിങ്ങൽ സ്വദേശിയായ യുവാവാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. കണ്ണൂർ – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന മൊഹബത്ത് ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അതേസമയം, എരുമേലിയ്ക്ക് സമീപം ശബരിമല തീർത്ഥാടകരുടെ വാഹനം ഇടിച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥി മരിച്ചു. കണ്ണിമല പഴയതോട്ടം ജെസ്വിൻ സാജു (19) ആണ് മരിച്ചത്. കൂവപ്പള്ളി അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിയാണ്. ഗുരുതരമായി പരുക്കേറ്റ ജെസ്വിനെ ഇരുപത്തിയാറാം മൈൽ മേരി ക്യൂൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം.
ഒറ്റപ്പാലം ലക്കിടിയിലും ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു. തിരുവില്വാമല കണിയാർക്കോട് സ്വദേശി ശരണ്യ, മകൾ അഞ്ച് വയസുകാരി ആദിശ്രീ എന്നിവരാണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ബന്ധു മോഹൻദാസിന് സാരമായി പരുക്കേറ്റു. ലക്കിടി ഭാഗത്തേക്ക് ഒരേ ദിശയിൽ പോകുകയായിരുന്ന സ്കൂട്ടറിൽ ടിപ്പർ ഇടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. തിരുവില്വാമലയിലെ വീട്ടിൽ നിന്ന് ഭർത്താവിന്റെ വീടായ ലക്കിടി കൂട്ടുപാതയിലേക്ക് പോകുകയായിരുന്നു ശരണ്യയും കുട്ടിയും. ഇവരെ ഉടൻ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
