ഊട്ടിയില്‍ പൂജ്യത്തിനും താഴേക്ക് താപനില

news image
Dec 24, 2025, 4:31 am GMT+0000 payyolionline.in

സുല്‍ത്താന്‍ബത്തേരി: ഡിസംബറിലെ തണുപ്പില്‍ മരവിക്കുകയാണ് ഊട്ടി. കഴിഞ്ഞ ദിവസം താപ നില പൂജ്യത്തിനു താഴേക്ക് പോയതോടെ ഉച്ചവെയിലില്‍ പോലും തണുത്ത് വിറക്കുന്ന കാഴ്ച്ചയായിരുന്നു എങ്ങും. കമ്പിളിക്കുപ്പായങ്ങള്‍ ധരിച്ച് അല്ലാതെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായതോടെ മഞ്ഞു പെയ്യുന്നത് കാണാനും തണുപ്പ് ആസ്വദിക്കാനും സഞ്ചാരികളുടെ ഒഴുക്കാണ് ഊട്ടിയിലേക്ക്. ഊട്ടിയുടെ താഴ്ന്ന പ്രദേശങ്ങളായ കുതിരപ്പന്തയ മൈതാനം, കാന്തല്‍, തലൈകുന്താ പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസം താപനില മൈനസ് 1 രേഖപ്പെടുത്തിയിരിക്കുന്നത്.

അസഹ്യമായ തണുപ്പെത്തിയതോടെ ഗ്രാമപ്രദേശങ്ങളില്‍ എല്ലാം ആളുകള്‍ നേരത്തെ തന്നെ വീടണയുകയാണ്. മഞ്ഞുവീഴ്ചയുടെ മനോഹര ദൃശ്യങ്ങള്‍ കാണാന്‍ സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. രാവിലെ ആറ് മണി മുതല്‍ എട്ട് മണിവരെ ഊട്ടി നഗരത്തിലടക്കം ഹിമകണങ്ങള്‍ പെയ്തിറങ്ങുന്നുണ്ട്. കാണാം. ഊട്ടിയുടെ താഴ്ന്ന പ്രദേശങ്ങളിലാണ് മഞ്ഞു വീഴ്ച രൂക്ഷമായിരിക്കുന്നത്. ഈ കാഴ്ച്ച ആസ്വദിക്കുന്നതിനായി മലയാളികള്‍ അടക്കം ധാരാളം പേരാണ് തലൈകുന്തയിലെത്തുന്നത്. പുലര്‍ച്ചെ അഞ്ച് മണിക്ക് പോലും കടുത്ത തണുപ്പിനെയും അവഗണിച്ച് സഞ്ചാരികള്‍ ഇവിടങ്ങളിലെത്തുന്നുണ്ട്.

അതേ സമയം ഒരു വശത്ത് മഞ്ഞും തണുപ്പും ആസ്വദിക്കുന്നതാണ് കാഴ്ച്ചയെങ്കില്‍ മഞ്ഞു പെയ്തിറങ്ങുന്നത് ഊട്ടിയിലെ കര്‍ഷകര്‍ക്ക് ദുരിതമാണ് സമ്മാനിക്കുന്നത്. ഊട്ടിയുടെ പ്രധാന കൃഷിയായ തേയിലയെ മഞ്ഞു വീഴ്ച ബാധിച്ചു. നിരന്തരം മഞ്ഞു വീണാല്‍ തേയിലച്ചചെടിയുടെ ഇലകള്‍ ഉണങ്ങിപ്പോയേക്കും. മലയടിവാരങ്ങളിലെ പച്ചക്കറി കൃഷിയെയും കടുത്ത തണുപ്പും മഞ്ഞുവീഴ്ച്ചയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മഞ്ഞ് പച്ചക്കറികളുടെ ഇലകളില്‍ വീണുകിടന്ന് വെയിലേറ്റാല്‍ ഇവ വേഗത്തില്‍ കരിയും. ഇതൊഴിവാക്കാന്‍ പച്ചക്കറികളുടെ ഇലകളടക്കം സ്പ്രിങ്കളര്‍ ഉപയോഗിച്ച് കര്‍ഷകര്‍ നനക്കുകയാണ്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe