അല്ലു അർജുൻ അടക്കം 23 പ്രതികൾ; പുഷ്പ 2 തിയറ്റർ ദുരന്തത്തിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

news image
Dec 27, 2025, 3:36 pm GMT+0000 payyolionline.in

ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെ തിക്കും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ തെലുങ്ക് നടൻ അല്ലു അർജുൻ അടക്കം 23 പേരെ പ്രതിചേർത്ത് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. അല്ലു അർജുനെ 11-ാം പ്രതിയാക്കിയാണ് കുറ്റപത്രം. സംഭവം നടന്ന് ഒരുവർഷത്തിന് ശേഷമാണു നമ്പള്ളി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഒമ്പത് കോടതിയിൽ ചിക്കടപ്പള്ളി പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലുണ്ടായ വീഴ്‌ചയും അശ്രദ്ധയുമാണു വലിയ ദുരന്തത്തിന് ഇടയാക്കിയതെന്നാണു കുറ്റപത്രത്തിൽ പറയുന്നത്. അല്ലു അർജുന്റെ പഴ്‌സനൽ മാനേജർ, സ്റ്റ‌ാഫുകൾ, എട്ട് ബൗൺസർമാർ തുടങ്ങിയവരുടെ പേരുകൾ കുറ്റപത്രത്തിലുണ്ട്. വലിയ ആൾക്കൂട്ടമുണ്ടാകുമെന്ന് അറിഞ്ഞിട്ടും സ്ഥലത്തെത്തിയെന്നും പ്രാദേശിക അധികാരികളുമായി കാര്യങ്ങൾ ഏകോപിപ്പിച്ചില്ലെന്നതുമാണ് അല്ലു അർജുനെതിരെയുള്ള കുറ്റം.

അപകടം നടന്ന ഹൈദരാബാദിലെ സന്ധ്യ തിയേറ്റർ മാനേജ്‌മെന്റിനെതിരെയും കുറ്റപത്രത്തിൽ പരാമർശങ്ങളുണ്ട്. നടൻ സ്ഥലത്തെത്തുമെന്ന് തിയറ്റ് മാനേജ്മെന്റിന് അറിയാമായിരുന്നെന്നും എന്നാൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള നടപടികൾ ഇവർ സ്വീകരിച്ചില്ലെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്. വിഐപി ഗസ്റ്റുകൾക്കായി പ്രത്യേകം എൻട്രി,എക്സിറ്റ് പോയിന്റുകൾ ഒരുക്കുന്നതിൽ തിയറ്റർ മാനേജ്മെന്റിന് വീഴ്ച‌യുണ്ടായെന്നും കുറ്റപത്രത്തിലുണ്ട്. 2024 ഡിസംബർ നാലാം തീയതി രാത്രി 11 മണിക്ക് നടന്ന ‘പുഷ്‌പ-2’ പ്രീമിയർ ഷോയ്ക്കിടെയായിരുന്നു ദിൽസുഖ് നഗറിലെ തിയറ്ററിൽ അപകടമുണ്ടായത്. അല്ലു അർജുൻ എത്തിയതറിഞ്ഞ് തടിച്ചുകൂടിയ ജനക്കൂട്ടം ഗേറ്റ് തകർത്തതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ട് അപകടം സംഭവിക്കുകയായിരുന്നു. ദുരന്തത്തിൽ രേവതി എന്ന യുവതി മരിക്കുകയും ഇവരുടെ കുട്ടിക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്‌തിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe