പന്തളം: പന്തളത്ത് ശബരിമല തീർത്ഥാടകരുടെ തിരക്കേറുന്നു. പന്തളത്തുനിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടാൻ ഒരു ദിവസം മാത്രം ബാക്കിയുള്ളപ്പോൾ സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിൽ ദർശനത്തിന് വെച്ചിരിക്കുന്ന തിരുവാഭരണങ്ങൾ കണ്ട് തൊഴാനും അന്നദാനത്തിൽ പങ്കുകൊള്ളാനും വലിയ കോയിക്കൽ ധർമശാസ്ത ക്ഷേത്ര ദർശനത്തിനുമായി വലിയതോതിലാണ് തീർഥാടകർ എത്തുന്നത്.
മണികണ്ഠനാൽത്തറയിൽ നിന്ന് ക്ഷേത്രത്തിലേക്കുള്ള പ്രധാന വഴിയും എം.സി റോഡും തീർഥാടകരെക്കൊണ്ട് നിറഞ്ഞുതുടങ്ങി. പാർക്കിങ് മൈതാനത്തും തിരക്കനുഭവപ്പെടുന്നുണ്ട്. വൃശ്ചികം ഒന്നിന് തുടങ്ങിയ അന്നദാനത്തിന് ക്ഷേത്രത്തിലും മണികണ്ഠനാൽത്തറയിലും നീണ്ട നിരയാണുള്ളത്. വർഷത്തിൽ മൂന്നുതവണ മാത്രമാണ് തിരുവാഭരണ ദർശനം സാധ്യമാകുന്നത്. ശബരിമല മണ്ഡലകാലത്തും അയ്യപ്പന്റെ പിറന്നാളായ കുംഭമാസത്തിലെ ഉത്രത്തിനും, വിഷുവിനുമാണ് പിന്നീട് സൗകര്യം ലഭിക്കുക. മറുനാട്ടുകാരായ ഭക്തരിലധികവും ശബരിമല യാത്രാവേളയിലാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തുക. പതിനൊന്നുവരെ മാത്രമാണ് കൊട്ടാരത്തിൽ തിരുവാഭരണദർശന സൗകര്യമുണ്ടാവുക.
തിരുവാഭരണങ്ങൾ തിങ്കളാഴ്ച പുലർച്ചെ 5.30 മുതൽ ഉച്ചക്ക് 12 വരെയാണ് പന്തളം വലിയ കോയിക്കൽ ശ്രീധർമശാസ്താക്ഷേത്രത്തിൽ ദർശനത്തിനായി തിരുവാഭരണങ്ങൾ തുറന്നുവെക്കുന്നത്. ഉച്ചക്ക് ഒന്നിന് ഘോഷയാത്ര പന്തളം വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. കൊട്ടാരം നിർവാഹകസംഘം ഭക്തർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഇക്കുറി രാജപ്രതിനിധി പുണർതം നാൾ നാരായണ വർമയാണ് തിരുവാഭരണ ഘോഷയാത്രയെ നയിക്കുന്നത്. ഇത്തവണ മരുതമന ശിവൻകുട്ടി ഗുരുസ്വാമിയായിട്ടുള്ള 26 പേരടങ്ങുന്ന വാഹകസംഘവും അവരുടെ സഹായികളായി നാല് പേരടങ്ങുന്ന 30 അംഗ സംഘമാണ് തിരുവാഭരണം ശബരിമലയിൽ എത്തിക്കുന്നത്.
രാജപ്രതിനിധിയുടെ പല്ലക്ക് വാഹകസംഘത്തിന്റെ ഗുരുസ്വാമി അജയകുമാർ നയിക്കുന്ന 12 അംഗങ്ങളും വാളും, പരിചയുമായി കുറുപ്പ് അനിൽ കുമാറും സംഘത്തിൽ ഉണ്ടാകും. ഘോഷയാത്ര മൂന്നാം നാൾ ശബരിമലയിൽ എത്തും, തിരുവാഭരണങ്ങൾ ചാർത്തി ദീപാരാധന അന്ന് വൈകീട്ട് ആറരയോടെ നടക്കും. 18ന് കൊട്ടാരം വക കളഭാഭിഷേകവും, 19ന് ഗുരുതിയും രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ നടക്കും. ഭക്തജനങ്ങൾക്ക് 19 ന് രാത്രി വരെയേ ദർശനം ഉണ്ടായിരിക്കൂ.
