കോഴിക്കോട്: രാമനാട്ടുകരമുതൽ വെങ്ങളംവരെയുള്ള കോഴിക്കോട് ബൈപ്പാസിൽ ടോൾപിരിവിനുള്ള വിജ്ഞാപനമിറങ്ങി. തിങ്കളാഴ്ച ടോൾപിരിവ് തുടങ്ങിയേക്കും. ആ രീതിയിലാണ് പ്ലാൻചെയ്യുന്നതെന്ന് ദേശീയപാത അതോറിറ്റി അധികൃതർ പറഞ്ഞു. ഞായറാഴ്ച ടോൾപിരിവ് സംബന്ധിച്ച് കളക്ടർ, സിറ്റി പോലീസ് കമ്മിഷണർ എന്നിവർക്ക് കത്തുനൽകും.
ടോൾപിരിവിനുള്ള എല്ലാ നടപടികളും പൂർത്തിയാക്കി. ട്രയൽറൺ നടത്തി സ്കാനർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പരിശോധിച്ചു. പന്തീരാങ്കാവ് കൂടത്തുംപാറയിലാണ് ടോൾപ്ലാസ. മഹാരാഷ്ട്ര ആസ്ഥാനമായുള്ള ഹുലേ കൺസ്ട്രക്ഷൻസിനാണ് ചുമതല. മൂന്നുമാസത്തേക്കാണ് ഇവരെ നിയോഗിച്ചിരിക്കുന്നത്. മൂന്നുമാസം കഴിഞ്ഞാൽ വീണ്ടും ടെൻഡർവിളിക്കും. അപ്പോൾ നിരക്കിൽ മാറ്റംവരും.തലശ്ശേരി-മാഹി ബൈപ്പാസിൽ തിരുവങ്ങാട് മാത്രമാണ് ഇപ്പോൾ ടോൾപിരിവ് തുടങ്ങിയത്.
രാമനാട്ടുകര-കുറ്റിപ്പുറം റീച്ചിൽ വെട്ടിച്ചിറയിലും ടോൾപ്ലാസ സജ്ജമായിട്ടുണ്ട്. അഴിയൂർ-വെങ്ങളം റീച്ചിൽ അഴിയൂരിലെ മുക്കാളിയിലാണ് ഈ മേഖലയിൽ മറ്റൊരു ടോൾപ്ളാസ വരുന്നത്. 24 മണിക്കൂറിനുള്ളിൽ രണ്ടുതവണ യാത്രനടത്തുന്നവർ രണ്ടാമത്തെ യാത്രയ്ക്ക് ടോൾനിരക്കിന്റെ പകുതികൊടുത്താൽ മതി. അൻപതുതവണ ഒരുമാസം യാത്രനടത്തുന്നവർ നിരക്കിന്റെ മൂന്നിൽരണ്ട് കൊടുത്താൽ മതി.
ടോൾപ്ലാസയുടെ 20 കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർക്ക് 340 രൂപയുടെ പാസെടുത്താൽ ഒരുമാസത്തേക്ക് എത്രതവണ വേണമെങ്കിലും യാത്രനടത്താം. വാണിജ്യവാഹനങ്ങൾ അല്ലാത്തവയ്ക്ക് മാത്രമാണ് ഈ ഇളവ്. 20 കിലോമീറ്റർ പരിധിയിൽ താമസിക്കുന്ന വാഹന ഉടമകൾ ആധാർകാർഡുമായി വന്നാൽ ടോൾപ്ലാസയുടെ കൗണ്ടറിൽനിന്ന് പാസ് ലഭിക്കും. പാസ് എല്ലാമാസവും പുതുക്കണം.
ഫാസ്ടാഗ് ഉപയോഗിക്കുന്ന വാഹനങ്ങൾക്കാണ് ടോൾപിരിവിൽ കൂടുതൽ ഇളവുകളുള്ളത്. മൂവായിരം രൂപയുടെ വാർഷികപാസിന് ഇരുനൂറുതവണ യാത്രചെയ്യാം. കോഴിക്കോട് ജില്ലയിൽ രജിസ്റ്റർചെയ്ത ഫാസ്ടാഗുള്ള നാഷണൽ പെർമിറ്റ് ഒഴികെയുള്ള വാണിജ്യവാഹനങ്ങൾക്ക് അൻപതുശതമാനം ഇളവുണ്ട്. സ്വകാര്യവാഹനങ്ങൾക്കുള്ള ഫാസ്ടാഗ് rajmargyatra എന്ന ആപ്പിൽ ലഭ്യമാണ്. ഫാസ്ടാഗില്ലെങ്കിൽ കൂടുതൽ അടയ്ക്കണം.
