കലോത്സവത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം; സ്വർണ കപ്പിനായി വാശിയോടെ പോരാടി കോഴിക്കോടും കണ്ണൂരും; ഇന്നത്തെ മത്സരങ്ങൾ

news image
Jan 16, 2026, 6:19 am GMT+0000 payyolionline.in

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് മൂന്നാം ദിനം. ഇതുവരെ 120 മത്സരങ്ങൾ പിന്നിട്ടപ്പോൾ സ്വർണ കപ്പിനായി കോഴിക്കോടും കണ്ണൂരും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. തൊട്ടുപിന്നിൽ ആതിഥേയരായ തൃശ്ശൂരും ഉണ്ട്. ഹൈസ്കൂൾ വിഭാഗം നാടകമടക്കം പല മത്സരങ്ങളും ഇന്നലെ രാത്രി വൈകിയാണ് അവസാനിച്ചത്. മൂന്നാം ദിനം വേദികൾഉണരുമ്പോൾ ഒന്നാം വേദിയിൽ ഹയർ സെക്കൻഡറി വിഭാഗം കുച്ചിപ്പിടിയാണ് ആദ്യ മത്സരയിനം. ഹയർസെക്കൻഡറി വിഭാഗം ചവിട്ടുനാടകം, ഹൈസ്കൂൾ വിഭാഗം ഭരതനാട്യം, പൂരക്കളി, നങ്ങിയാർ കൂത്ത് തുടങ്ങി നിരവധി മത്സരങ്ങളും ഇന്നുണ്ട്. ഗോത്ര കലകളിൽ വേദി മൂന്നിൽ നടക്കുന്ന ഹയർസെക്കൻഡറി വിഭാഗം മലപ്പുലയാട്ടമാണ് ഇന്നത്തെ മത്സരം.

 

രാഷ്ട്രീയം ചർച്ചയായ ഉദ്ഘാടന വേദി

അതേസമയം സ്കൂൾ കലോൽസവത്തിന്‍റെ ഉദ്ഘാടന വേദിയിലും രാഷ്ട്രീയ വിവാദം കനത്തു. മനുഷ്യനെ തമ്മിലടിപ്പിക്കുന്ന എല്ലാ ഛിദ്ര ആശയങ്ങളെയും തള്ളിക്കളയാനും എല്ലാവരെയും ഒന്നിപ്പിക്കുന്ന കല ഉയർത്തിപ്പിടിക്കാനും സാധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞു. കലാമേളയുടെ ഉദ്ഘാടന പ്രസംഗത്തിലാകെ ബി ജെ പിയെ പരോക്ഷമായി വിമർശിക്കുന്ന രാഷ്ട്രീയമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ക്രിസ്മസ് കരോളിനെതിരായ ആക്രമണമടക്കം മുഖ്യമന്ത്രി പരാമർശിച്ചു. സിനിമയിലെ കഥാപാത്രങ്ങൾക്ക് ജാനകി എന്ന് പേരിടാൻ പോലും കഴിയാത്ത സ്ഥിതിയുണ്ടെന്നും സുരേഷ് ഗോപിയെ വേദിയിലിരുത്തി പിണറായി വിജയൻ വിമർശനം ഉന്നയിച്ചു.

കേന്ദ്രം ഫണ്ട് തടഞ്ഞുവെച്ചിട്ടും സംസ്ഥാനം ഒരു കുറവും കുട്ടികൾക്ക് വരുത്തിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും പറഞ്ഞു. തുടർന്നു സംസാരിച്ച കേന്ദ്ര മന്ത്രി സുരേഷ് ഗോപിയാകട്ടെ ഒന്നിനും നേരിട്ട് മറുപടി പറഞ്ഞില്ല. എന്നാൽ മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും പരാമർശങ്ങളിലുള്ള അതൃപ്തി കേന്ദ്ര മന്ത്രിയുടെ വാക്കുകളിൽ പ്രകടവുമായിരുന്നു. അന്തസ് കുറഞ്ഞ രാഷ്ട്രീയ ആരോപണങ്ങൾക്ക് പറയാൻ കുട്ടികളുടെ വേദി ഉപയോഗിക്കുന്നില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ തിരിച്ചടി. നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ നടക്കുന്ന സംസ്ഥാന സ്കൂൾ കലോൽസവത്തിന്‍റെ ഉദ്ഘാടന വേദി അങ്ങനെ രാഷ്ട്രീയ തർക്കങ്ങളുടെ കൂടി വേദിയായി മാറി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe