തകർന്ന റോഡ് നന്നാക്കിയില്ല; കൊയിലാണ്ടി തീരദേശ പാതയിൽ ഗതാഗതം മുടങ്ങിയിട്ട് 8 മാസം

news image
Jan 16, 2026, 3:00 pm GMT+0000 payyolionline.in

കൊയിലാണ്ടി ∙ കൊയിലാണ്ടിയിൽ നിന്നുള്ള തീരദേശ പാതയിലെ ഗതാഗതം നിലച്ചിട്ടു 8 മാസം. കൊയിലാണ്ടി ഹാർബറിൽ നിന്നു കാപ്പാട്ടേക്കുള്ള തീരദേശ പാതയാണു തകർന്നു ഗതാഗതം മുടങ്ങിക്കിടക്കുന്നത്. കഴിഞ്ഞ മഴക്കാലത്ത് ശക്തമായ കടലാക്രമണത്തിലാണ് റോഡ് തകർന്നത്. ഇതോടെ തീരദേശ റോഡിലൂടെയുള്ള ഗതാഗതം പാടെ നിലച്ചുവലിയമങ്ങാട് ക്ഷേത്രത്തിനു സമീപം, ഏഴുകുടിക്കൽ വളപ്പിൽ ഭാഗം, കവലാട് ബീച്ച്, തുവക്കോട് വളവ് എന്നിവിടങ്ങളിലെല്ലാം റോഡ് തകർന്നിരിക്കുകയാണ്. ദേശീയ പാതയിൽ കൊയിലാണ്ടിക്കും തിരുവങ്ങൂരിനും ഇടയിൽ ഗതാഗത തടസ്സം ഉണ്ടാകുമ്പോൾ വാഹനങ്ങൾ തിരിച്ചു വിടാറുണ്ടായിരുന്നതു തിരുവങ്ങൂർ സാമൂഹിക ആരോഗ്യകേന്ദ്രത്തിനു സമീപത്തു നിന്നുള്ള കാപ്പാട് തീരദേശ പാതയിലൂടെ ആയിരുന്നു.കാപ്പാട് വളവ് കഴിഞ്ഞാലുള്ള തീരദേശ പാതയിലാണു പലയിടങ്ങളിലും റോഡ് കടലെടുക്കുന്നത്.തീരദേശ റോഡിലെ കടലേറ്റ ഭീഷണി നിൽക്കുന്ന സ്‌ഥലങ്ങളിൽ ചെറു പുലിമുട്ടുകൾ നിർമിക്കാനുള്ള പദ്ധതി എങ്ങുമെത്തിയില്ല. കൊയിലാണ്ടി തീരദേശ മേഖലയിൽ 16 പുലിമുട്ടുകൾ നിർമിക്കാനുള്ള നിർദേശം മേജർ ഇറിഗേഷൻ വകുപ്പ് സർക്കാരിനു സമർപ്പിച്ചിട്ടു വർഷങ്ങളേറെയായി.

കടൽഭിത്തി ബലപ്പെടുത്തിയതു കൊണ്ടു മാത്രം കടലേറ്റം തടയാനാകില്ല.ശക്തമായ കടലേറ്റത്തിൽ കടൽ ഭിത്തിക്കടിയിലുള്ള മണൽ തിരമാലകൾ വലിച്ചു കൊണ്ടു പോകുകയാണ്. താഴ്ന്ന കൊണ്ടിരിക്കുന്ന കടൽഭിത്തിക്കു മുകളിൽ വീണ്ടും കല്ലു നിരത്തുമ്പോൾ വലിയ നഷ്ടമാണ് ഉണ്ടാകുന്നത്.കൊയിലാണ്ടി ഹാർബറിന്റെ ഭാഗമായി പുലിമുട്ട് നിർമിച്ചതിനാൽ ഹാർബറിന്റെ തെക്കുഭാഗത്ത് കടലേറ്റം കുറവാണ്. സമാനരീതിയിൽ ഹാർബറിനു തെക്കു ഭാഗത്തുള്ള തീരദേശങ്ങളിൽ ചെറു പുലിമുട്ടുകൾ നിർമിച്ചാൽ റോഡിന്റെ തകർച്ച തടയാം. റോഡ് തകർന്നതോടെ ഏറെ ദുരിതത്തിലായത് കൊയിലാണ്ടിയിലെ മത്സ്യത്തൊഴിലാളികളാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe