കണ്ടാൽ ഒറിജിനൽ, ഒരക്ഷരം മാത്രം മാറ്റം, ദിവസങ്ങൾക്കുള്ളിൽ പ്രവാസിക്ക് നഷ്ടം 8.08 കോടി! ഓഹരി തട്ടിപ്പിന്‍റെ പുതിയ രൂപം

news image
Jan 18, 2026, 1:42 pm GMT+0000 payyolionline.in

ആലപ്പുഴ∙ ഓഹരി നിക്ഷേപത്തിലൂടെ വൻലാഭം വാഗ്ദാനം ചെയ്തു 73 വയസ്സുകാരനായ പ്രവാസിയെ കബളിപ്പിച്ച് 8.08 കോടി രൂപ ഓൺലൈനായി തട്ടിയെടുത്തു. വൻകിട കോർപറേറ്റ് ഗ്രൂപ്പിന്റെ പേരിനോടു സാമ്യമുള്ള സ്ഥാപനത്തിന്റെ പ്രതിനിധി എന്ന പേരിലാണു തട്ടിപ്പുകാർ ഹരിപ്പാട് സ്വദേശിയെ കബളിപ്പിച്ചത്. 2025 സെപ്റ്റംബർ 24 മുതൽ ഡിസംബർ 12 വരെ 73 തവണയായി പല ബാങ്ക് അക്കൗണ്ടുകളിലൂടെയാണു പണം കൈപ്പറ്റിയത്. സംസ്ഥാനത്തു റിപ്പോ‍ർട്ട് ചെയ്ത വലിയ സൈബർ തട്ടിപ്പുകളിലൊന്നാണിത്. മുൻപ് ഓഹരിവിപണിയിൽ നിക്ഷേപിച്ചിട്ടുള്ള പ്രവാസിയെ തങ്ങളുടെ സ്ഥാപനം വഴി നിക്ഷേപിച്ചാൽ‍ വൻ ലാഭം ഉണ്ടാകുമെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പ്രമുഖ കോർപറേറ്റ് സ്ഥാപനത്തിന്റെ പേരിനൊപ്പം ഒരു അക്ഷരം കൂടി ചേർത്ത പേരായതിനാൽ ഒറ്റനോട്ടത്തിൽ വ്യാജനാണെന്നു തിരിച്ചറിയില്ലായിരുന്നു. തട്ടിപ്പുകാർ നൽകിയ ലിങ്കിലൂടെ റജിസ്റ്റർ ചെയ്യുകയും സമൂഹമാധ്യമ ഗ്രൂപ്പുകളിൽ അംഗമാകുകയും ചെയ്തു. നിക്ഷേപിച്ച തുക കൂടുന്നതും ലാഭവിഹിതവും ഈ ഗ്രൂപ്പിലും തട്ടിപ്പുകാരുടെ വെബ്സൈറ്റിലെ അക്കൗണ്ടിലും കാണിച്ചിരുന്നു. തുടർന്നു കൂടുതൽ തുക നിക്ഷേപിക്കുകയായിരുന്നു.

73 തവണയായി 8,08,81,317 രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ കൈമാറി. ഫോണിൽ ഇതു സംബന്ധിച്ച സന്ദേശങ്ങൾ കണ്ടതോടെ ഇദ്ദേഹത്തിന്റെ മകനു സംശയം തോന്നി പരിശോധിച്ചപ്പോഴാണു തട്ടിപ്പാണെന്നു വ്യക്തമായത്. മകൻ നൽകിയ പരാതിയിൽ ആലപ്പുഴ സൈബർ പൊലീസ് കേസെടുത്തു. ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ വിവരം അറിയിച്ചിട്ടുണ്ടെന്നും നഷ്ടമായ പണം വീണ്ടെടുക്കാൻ ശ്രമം തുടങ്ങിയെന്നും ആലപ്പുഴ സൈബർ പൊലീസ് എസ്എച്ച്ഒ ഏലിയാസ് പി.ജോർജ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe