കൊയിലാണ്ടി: പെരുവട്ടൂർ സ്വദേശിയായ 74 വയസ്സുകാരന് കാലാവധി കഴിഞ്ഞ മരുന്നു നൽകിയത് അബദ്ധം സംഭവിച്ചതല്ല എന്നും പിന്നിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ചുള്ള വൻ മരുന്ന് തട്ടിപ്പ് സംഘത്തിന്റെ ഇടപെടൽ ആണെന്നും കോൺഗ്രസ് കൊയിലാണ്ടി സൗത്ത് – നോർത്ത് മണ്ഡലം കമ്മിറ്റികൾ ആരോപിച്ചു.

രോഗിക്ക് ഡോക്ടർ നിർദ്ദേശിച്ചത് ക്ലോറോതലീഡോൺ 12.5 മി.ഗ്രാം ടാബ്ലറ്റാണ്. താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്ന് രോഗിക്ക് നൽകിയത് 2025 ഡിസംബർ മാസത്തിൽ കാലാവധി കഴിഞ്ഞ ക്ലോറോത ലീഡോൺ 12.5 മി.ഗ്രാം ഗുളികയാണ്. എന്നാൽ ആശുപത്രിയിൽ നിന്ന് രോഗിക്ക് നൽകിയ ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത് സി. എൽ. ഡി 6.25 മി.ഗ്രാം എന്നാണ്. അതായത് കാലാവധി കഴിഞ്ഞ മരുന്ന് രോഗിക്ക് നൽകുകയും നിലവിൽ സ്റ്റോക്കുള്ള മരുന്ന് ബില്ലിൽ രേഖപ്പെടുത്തുകയും ചെയ്യുന്നു. ഇങ്ങനെ സ്റ്റോക്ക് രേഖപ്പെടുത്തിയ ശേഷം കാലാവധി കഴിയാത്ത മരുന്നുകൾ പുറത്ത് വിപണിയിൽ മറിച്ചു വിൽക്കുകയാണ് ചെയ്യുന്നത് എന്ന് കോൺഗ്രസ് ആരോപിച്ചു.
ഇതിന് പുറമേ ഇതേ രോഗിക്ക് തന്നെ സിൽനി ഡിപ്പൈൻ 20 മി.ഗ്രാം മരുന്നും നൽകിയിട്ടുണ്ട്. ബില്ലിൽ ഇതേ മരുന്ന് ഇതേഅളവിൽ കൊടുത്തു എന്ന് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ രോഗിക്ക് നൽകിയത് സിൽനിഡിപൈൻ 10 മി.ഗ്രാം മരുന്ന് മാത്രമാണ്. സാമ്പത്തികമായ തട്ടിപ്പ് നടത്തുന്നു എന്നതിന് പുറമേ രോഗിയുടെ ആരോഗ്യം നിലനിർത്താൻ ആവശ്യമായ അളവിൽ മരുന്നു നൽകുന്നില്ല എന്നതും ഗൗരവതരമായ കുറ്റകൃത്യമാണ്. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ വൻ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്ന് സൗത്ത് മണ്ഡലം പ്രസിഡണ്ട് അരുൺ മണമലും നോർത്ത് മണ്ഡലം പ്രസിഡണ്ട് രജീഷ് വെങ്ങളത്ത് കണ്ടിയും പറഞ്ഞു.
ഡി.സി.സി മെമ്പർ വി.വി സുധാകരൻ, ശ്രീജ റാണി, തൻഹീർ കൊല്ലം, അബ്ദുൾ ഖാദർ, രമ്യ മനോജ്. ദിനേശൻ പുളിങ്കുളത്തിൽ, നുസ്റത്ത്, റാഷിദ് മുത്താമ്പി, ലാലിഷ പുതുക്കുടി കെ.വി.റീന തുടങ്ങിയവർ പ്രക്ഷോഭത്തിന് നേതൃത്വം നൽകി.
