മലപ്പുറം: കഴിഞ്ഞ ഡിസംബറിൽ ഡ്രഗ് റഗുലേറ്ററർമാർ സാമ്പിൾ എടുത്ത് പരിശോധിച്ച മരുന്നുകളിൽ ഏഴെണ്ണം വ്യാജമാണെന്നും 167 മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്നും സെൻട്രൽ ഡ്രഗ്സ് കൺട്രോൾ ഓർഗനൈസേഷൻ (സി.ഡി.എസ്.സി.ഒ) അറിയിച്ചു.
ഛണ്ഡീഗഡിലെ റീജനൽ ഡ്രഗ്സ് ടെസ്റ്റിങ് ലാബിൽ പരിശോധിച്ച ടെൽമിസാർട്ടൻ ടാബ്ലെറ്റ് ഐ.പി 40 എം.ജി (ടെൽമ 40), ടെൽമിസാർട്ടൻ 40 എം.ജി-അംലോഡിപൈൻ 5 എം.ജി ടാബ്ലെറ്റ് ഐ.പി (ടെൽമ-എ.എം), മോണ്ടെലുകാസ്റ്റ് സോഡിയം-ലെവോസെറ്റിറൈസിൻ ഹൈഡ്രോക്ലോറൈഡ് ടാബ്ലെറ്റ് ഐ.പി (മോണ്ടിന-എൽ), പാന്റോപ്രാസോൾ സോഡിയം ഗ്യാസ്ട്രോ-റെസിസ്റ്റന്റ്, ഡോംപെരിഡോൺ കാപ്സ്യൂൾ ഐ.പി (പാന്റോപ്പ്-ഡി.എസ്.ആർ) എന്നീ മരുന്നുകളും മഹാരാഷ്ട്ര എഫ്.ഡി.എ ലാബിൽ പരിശോധിച്ച ട്രിപ്സിൻ-ചൈമോട്രിപ്സിൻ ടാബ്ലെറ്റ് (ചൈമോറൽ ഫോർടെ), ടെൽമിസാർട്ടൻ 40 എംജി-അംലോഡിപൈൻ 5 എം.ജി ടാബ്ലെറ്റ് ഐ.പി (ടെൽമ-എ.എം) എന്നിവയും ഗുജറാത്ത് എഫ്.ഡി.എ ലാബിൽ പരിശോധിച്ച ട്രിപ്സിൻ-ചൈമോട്രിപ്സിൻ ടാബ്ലെറ്റ് (ചൈമോറൽ ഫോർടെ) മരുന്നുമാണ് വ്യാജമെന്ന് സി.ഡി.എസ്.സി.ഒ സ്ഥിരീകരിച്ചത്.
മറ്റൊരു കമ്പനിയുടെ ബ്രാൻഡ് നാമത്തിലാണ് അനധികൃതമായി മരുന്നുകൾ നിർമിച്ചത്. മരുന്നുകൾ തങ്ങളുടേതല്ലെന്ന് ബന്ധപ്പെട്ട കമ്പനികൾ വ്യക്തമാക്കിയിട്ടുണ്ട്. വിശദ അന്വേഷണത്തിനുശേഷം ഉൽപാദകർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സി.ഡി.എസ്.സി.ഒ അറിയിച്ചു.
സാമ്പിൾ പരിശോധനയിൽ ഗുണ നിലവാരമില്ലെന്ന് കണ്ടെത്തിയ 167 മരുന്നുകളിൽ പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ ആൻറിബയോട്ടിക്സ് ലിമിറ്റഡിന്റെ മരുന്നുകളും ഉൾപ്പെടും.
ഹിന്ദുസ്ഥാൻ ആൻറിബയോട്ടിക്സ് ഉൽപാദിപ്പിച്ച അസെക്ലോഫെനാക് ആന്റ് പാരസെറ്റമോൾ ടാബ്ലെറ്റ് ഫോർമുലേഷൻ, സിപ്രോഫ്ലോക്സാസിൻ ടാബ്ലെറ്റ് ഐ.പി 500 മി.ഗ്രാം ഫോർമുലേഷൻ എന്നിവയാണ് ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടത്.
ഇപ്ക ലബോറട്ടറിയുടെ സെഫ്റ്റ്രിയാക്സോൺ ആന്റ് സൾബാക്ടം ഐ.പി ഫോർ ഇൻജക്ഷൻ (കെഫ്ട്രാ ഗാർഡ്-1500), ഹെറ്റെറോ ഹെൽത്ത് കെയറിന്റെ ലെവോസെറ്റിറൈസിൻ ടാബ്ലെറ്റ് ഐ.പി അഞ്ച് മി.ഗ്രാം (ലെവോസെറ്റ്), ആൽക്കെം ഹെൽത്ത് സയൻസിന്റെ അമോക്സിസിലിൻ ആന്റ് പൊട്ടാസ്യം ക്ലാവുലനേറ്റ് ടാബ്ലെറ്റ് ഐ.പി (ക്ലാവം 625), ശ്രീസാൻ ഫാർമസ്യൂട്ടിക്കൽസിന്റെ ഡെക്സ്ട്രോമെത്തോർഫാൻ ഹൈഡ്രോബ്രോമൈഡ്, ഫിനൈൽഫ്രൈൻ ഹൈഡ്രോക്ലോറൈഡ്, ക്ലോർഫെനിറാമിൻ മെലേറ്റ് സിറപ്പ് (റെസ്പോലൈറ്റ്-ഡി) ഫോർമുലേഷൻ എന്നിവയും ഗുണനിലവാര മാനദണ്ഡം പാലിക്കുന്നതിൽ പരാജയപ്പെട്ടു. മാൻകെയർ ലബോറട്ടറി നിർമിച്ച ഐപി 400 മി.ഗ്രാം ആൽബെൻഡാസോൾ ഗുളികകളുടെ ഏഴ് സാമ്പിളുകൾക്കും ഗുണനിലവാരമില്ലെന്ന് കണ്ടെത്തി.
