കെഎസ്ഇബി ഉപഭോക്താക്കൾക്ക് സന്തോഷവാര്‍ത്ത, ഫെബ്രുവരിയിൽ കറണ്ട് ബില്ല് കുറയും, ഇന്ധന സർചാർജിൽ വൻ ഇളവ്!

news image
Jan 31, 2026, 1:20 pm GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് ഫെബ്രുവരി മാസത്തിൽ ആശ്വാസ വാർത്ത. വൈദ്യുതി ബില്ലിനൊപ്പം ഈടാക്കുന്ന ഇന്ധന സർചാർജിൽ കുറവ് രേഖപ്പെടുത്തിയതോടെ ഫെബ്രുവരിയിലെ ബില്ല് തുക കുറയും. പ്രതിമാസ ബില്ലിംഗ് ലഭിക്കുന്ന ഉപഭോക്താക്കൾക്ക് ഇത്തവണ ഇന്ധന സർചാർജ് നൽകേണ്ടതില്ല.

ജനുവരി മാസത്തെ അപേക്ഷിച്ച് വലിയ കുറവാണ് സർചാർജിൽ ഉണ്ടായിരിക്കുന്നത്. പ്രതിമാസ ഉപഭോക്താക്കൾക്ക് ഫെബ്രുവരിയിൽ ഇന്ധന സർചാർജ് പൂജ്യം ആയിരിക്കും. ജനുവരിയിൽ ഇത് യൂണിറ്റിന് 8 പൈസയായിരുന്നു. രണ്ടുമാസത്തിലൊരിക്കൽ ബില്ല് ലഭിക്കുന്നവർക്ക് യൂണിറ്റിന് വെറും 4 പൈസ മാത്രമായിരിക്കും സർചാർജ്. ജനുവരിയിൽ ഇത് 7 പൈസയായിരുന്നു.

എന്തുകൊണ്ട് സർചാർജ് കുറഞ്ഞു

ഡിസംബർ മാസത്തിൽ കെഎസ്ഇബി വൈദ്യുതി പുറമെ നിന്ന് വാങ്ങിയ ചെലവിൽ ഉണ്ടായ കുറവാണ് ഫെബ്രുവരിയിലെ സർചാർജ് കുറയാൻ കാരണമായത്. കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്റെ ചട്ടങ്ങൾക്കനുസരിച്ച്, ഇന്ധനവിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ പ്രതിമാസം ഉപഭോക്താക്കളിലേക്ക് കൈമാറാൻ വിതരണ ലൈസൻസികൾക്ക് അനുവാദമുണ്ട്. 2023 മെയ് മാസത്തിലെ റെഗുലേറ്ററി കമ്മീഷൻ ഉത്തരവ് പ്രകാരമാണ് ഈ നടപടി. ഫെബ്രുവരി മാസത്തിലെ കറണ്ട് ബില്ല് ലഭിക്കുമ്പോൾ സർചാർജ് ഇനത്തിൽ ഈ കുറവ് ഉപഭോക്താക്കൾക്ക് നേരിട്ട് അനുഭവപ്പെടും

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe