കൊല്ലത്ത് വൻ സൈബർ തട്ടിപ്പ്; 67കാരന് നഷ്ടപ്പെട്ടത് 1.65 കോടി

news image
Feb 13, 2026, 2:20 pm GMT+0000 payyolionline.in

കൊല്ലം: കൊല്ലത്ത് വൻ സൈബർ തട്ടിപ്പ്. കുണ്ടറ സ്വദേശിയായ അറുപത്തിയേഴുകാരന് സൈബർ തട്ടിപ്പിലൂടെ നഷ്ടമായത് 1.65 കോടി. ഓൺലൈൻ ട്രേഡിങ്ങിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടന്നത്. 2025 ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള അഞ്ച് മാസത്തിനിടയിലാണ് വലിയ തുക തട്ടിപ്പുസംഘം കവർന്നത്.

ഫേസ്ബുക്ക് വഴിയാണ് പ്രതികൾ പരാതിക്കാരനെ പരിചയപ്പെട്ടത്. വിശ്വസനീയമെന്ന് തോന്നിക്കുന്ന വിവിധ വെബ്സൈറ്റുകളിൽ ഇദ്ദേഹത്തെ ലോഗിൻ ചെയ്യിപ്പിക്കുകയും വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കുകയും ചെയ്തു. തുടർന്ന് ഉയർന്ന പലിശയും ലാഭവും വാഗ്ദാനം ചെയ്ത് 18 തവണകളായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു.

തുക തിരികെ ലഭിക്കാതെ വന്നതോടെയാണ് കബളിപ്പിക്കപ്പെട്ട വിവരം പരാതിക്കാരൻ തിരിച്ചറിഞ്ഞത്. ഉടൻ തന്നെ കൊല്ലം റൂറൽ സൈബർ പൊലീസിൽ പരാതി നൽകി. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ തട്ടിപ്പുകാർ പണം സ്വീകരിക്കാൻ ഉപയോഗിച്ചത് വാടകയ്ക്ക് എടുത്ത ബാങ്ക് അക്കൗണ്ടുകളാണെന്ന് (Mule Accounts) കണ്ടെത്തിയിട്ടുണ്ട്. ഇത്തരം അക്കൗണ്ടുകൾ യഥാർത്ഥ ഉടമസ്ഥർ അറിയാതെയോ അല്ലെങ്കിൽ ചെറിയ പ്രതിഫലം നൽകിയോ ആണ് തട്ടിപ്പുകാർ കൈക്കലാക്കുന്നത്.

സോഷ്യൽ മീഡിയ വഴിയോ വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയോ വരുന്ന അപരിചിതമായ ഇൻവെസ്റ്റ്‌മെന്റ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് പൊലീസ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നു. അംഗീകൃത ഏജൻസികൾ വഴിയല്ലാതെ നടത്തുന്ന ഇത്തരം ഇടപാടുകൾ വലിയ സാമ്പത്തിക കെണിയിലേക്കാണ് നയിക്കുന്നത്.

സൈബർ തട്ടിപ്പിന് ഇരയായാൽ ആദ്യത്തെ ‘ഗോൾഡൻ അവറിനുള്ളിൽ’ തന്നെ 1930 എന്ന നമ്പറിൽ വിവരം അറിയിച്ചാൽ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണ്. പൊതുജനങ്ങൾ ഇത്തരം തട്ടിപ്പുകാരുടെ വലയിൽ വീഴാതെ സ്വയം ജാ​ഗ്രത പുലർത്തണമെന്നും പൊലാസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe