ന്യൂഡൽഹി: കാർ യാത്രക്കാരുടെ ശീലങ്ങളിൽ വലിയൊരു മാറ്റത്തിന് വഴിതെളിച്ചുകൊണ്ട് വരും കാലങ്ങളിൽ വാഹനങ്ങളിൽ നിന്ന് ‘സ്റ്റെപ്പിനി’ അഥവാ സ്പെയർ വീലുകൾ അപ്രത്യക്ഷമാകുന്നു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ (MoRTH) പുതിയ ഭേദഗതികൾക്കനുസരിച്ചാണ് പ്രമുഖ വാഹന നിർമ്മാതാക്കളെല്ലാം തങ്ങളുടെ പുതിയ മോഡലുകളിൽ സ്പെയർ വീൽ ഒഴിവാക്കാൻ തുടങ്ങിയിട്ടുള്ളത്. യൂറോപ്യൻ രാജ്യങ്ങളിൽ വിജയകരമായി നടപ്പിലാക്കിയ ഈ രീതി 2020 ഒക്ടോബർ 1 മുതലാണ് ഇന്ത്യയിലും പ്രാബല്യത്തിൽ വന്നത്. ഇതോടെ വാഹന വിപണിയിൽ പുതിയൊരു ചർച്ചയ്ക്ക് തുടക്കമായിരിക്കുകയാണ്. എന്തുകൊണ്ട് ഈ മാറ്റം? ട്യൂബ്ലെസ് ടയറുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), പഞ്ചർ റിപ്പയർ കിറ്റ് എന്നിവയുള്ള വാഹനങ്ങളിൽ സ്പെയർ വീൽ നിർബന്ധമില്ലെന്നാണ് നിയമം പറയുന്നത്. ഇതിന് പിന്നിലെ പ്രധാന കാരണങ്ങൾ അറിയാം സ്പെയർ വീലും അത് മാറ്റാനുള്ള ജാക്കിയും മറ്റ് ഉപകരണങ്ങളും കൂടി ഏകദേശം 15 മുതൽ 20 കിലോ വരെ ഭാരമുണ്ടാകും.
ഈ അമിതഭാരം ഒഴിവാക്കുന്നത് വഴി ഇന്ധനക്ഷമതയും (Mileage) ഇലക്ട്രിക് വാഹനങ്ങളുടെ റേഞ്ചും വർദ്ധിപ്പിക്കാൻ സാധിക്കും. ബൂട്ട് സ്പേസ് വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു. പ്രത്യേകിച്ച് ഇലക്ട്രിക് വാഹനങ്ങളിൽ ബാറ്ററികൾ സ്ഥാപിക്കാനും സിഎൻജി കാറുകളിൽ സിലിണ്ടറുകൾ സൗകര്യപ്രദമായി വെക്കാനും ഈ അധിക സ്ഥലം ഉപയോഗിക്കാം. സ്പെയർ വീൽ ഒഴിവാക്കുന്നത് വഴി കമ്പനികൾക്ക് ഉൽപ്പാദന ചിലവ് കുറയ്ക്കാനും സാധിക്കുന്നു. റിപ്പയർ കിറ്റ് കൊണ്ട് ഗുണമുണ്ടോ? വാഹനത്തിനൊപ്പം ലഭിക്കുന്ന റിപ്പയർ കിറ്റിൽ ഒരു എയർ കംപ്രസറും ടയറിലെ ദ്വാരങ്ങൾ അടയ്ക്കാനുള്ള ലിക്വിഡ് സീലന്റും ഉണ്ടാകും. ടയർ അഴിക്കാതെ തന്നെ ആർക്കും എളുപ്പത്തിൽ പഞ്ചർ ഒട്ടിക്കാമെന്നതാണ് ഇതിന്റെ മെച്ചം. എന്നാൽ ഇതിന് പരിമിതികളുണ്ട്. ശ്രദ്ധിക്കുക സാധാരണ ചെറിയ പഞ്ചറുകൾ ഈ കിറ്റ് വഴി പരിഹരിക്കാമെങ്കിലും, ടയറിന്റെ സൈഡ് വാൾ കീറുന്ന തരത്തിലുള്ള വലിയ കേടുപാടുകൾ സംഭവിച്ചാൽ റിപ്പയർ കിറ്റ് കൊണ്ട് പ്രയോജനമുണ്ടാകില്ല. ഉപഭോക്താക്കൾ നേരിടുന്ന വെല്ലുവിളികൾ ഇന്ത്യയിലെ റോഡുകളുടെ അവസ്ഥ കണക്കിലെടുക്കുമ്പോൾ ഈ മാറ്റം എല്ലാ യാത്രക്കാർക്കും ഗുണകരമാകണമെന്നില്ല. കുഴികളിൽ വീണോ മറ്റോ ടയർ പൊട്ടുകയോ സൈഡ് വാൾ കീറുകയോ ചെയ്താൽ സ്പെയർ വീൽ ഇല്ലാതെ യാത്ര തുടരുക അസാധ്യമാണ്. ഉൾനാടൻ ഗ്രാമങ്ങളിലൂടെയോ ഹൈവേകളിലൂടെയോ ദീർഘദൂര യാത്ര ചെയ്യുന്നവർക്ക് റിപ്പയർ കിറ്റ് മാത്രം വിശ്വസിച്ച് ഇറങ്ങിത്തിരിക്കാൻ പ്രയാസമാണ്. ടയറിന് വലിയ തകരാർ സംഭവിച്ചാൽ ടൗ ട്രക്കിന്റെ (Tow Truck) സഹായം തേടേണ്ടി വരുന്നത് സമയനഷ്ടത്തിനും മാനസിക വിഷമത്തിനും കാരണമാകും. വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ നഗരത്തിനകത്ത് മാത്രം ഹ്രസ്വദൂര യാത്രകൾ നടത്തുന്നവർക്കും ഇലക്ട്രിക് വാഹന ഉടമകൾക്കും സ്പെയർ വീലിന്റെ അഭാവം വലിയ പ്രശ്നമാകില്ല. എന്നാൽ, സ്ഥിരമായി ഹൈവേകളിലൂടെയും ടയർ റിപ്പയർ കടകൾ കുറവായ ഉൾനാടൻ പാതകളിലൂടെയും യാത്ര ചെയ്യുന്നവർ ഫുൾ സൈസ് സ്പെയർ വീൽ നൽകുന്ന വാഹനങ്ങൾ തിരഞ്ഞെടുക്കുന്നതാകും ബുദ്ധി.
