ആ ബമ്പർ എനിക്കുള്ളതാ…! 20 കോടിയുടെ ക്രിസ്മസ് പുതുവത്സര ബമ്പർ സമ്മാനത്തിന് അവകാശ വാദം; ഹൈക്കോടതിയെ സമീപിച്ച് റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ

news image
Feb 20, 2026, 2:08 pm GMT+0000 payyolionline.in

20 കോടിയുടെ ക്രിസ്മസ് പുതുവത്സര ബമ്പർ സമ്മാനത്തിന് അവകാശ വാദമുന്നയിച്ച് റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥൻ. എറണാകുളം പിറവം സ്വദേശിയായ റിട്ട. എഎസ്ഐ കെ കെ സജിമോനാണ് പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. സമ്മാനാർഹമായ ടിക്കറ്റ് നഷ്ടമായെന്ന് കാണിച്ച് സജിമോൻ പൊലീസിനെയും കോടതിയെയും സമീപിച്ചു.

ജനുവരി 24 ന് നടന്ന ബംബർ നറുക്കെടുപ്പിൽ XC 138455 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഈ ടിക്കറ്റിനാണ് പിറവം പാഴൂർ സ്വദേശിയായ റിട്ടയേർഡ് ASI കെ കെ സജിമോൻ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. പൊലീസ് സേനയിൽ നിന്ന് പിരിഞ്ഞ ശേഷം ട്രാവലർ സർവീസ് നടത്തി വരികയാണ് സജിമോൻ. ശബരിമലയ്ക്ക് പോയ വിശാഖപട്ടണം സ്വദേശികളായ അയ്യപ്പ ഭക്തർ തൻ്റെ വാഹനത്തിൽ നെയ്‌പാത്രം മറന്നുവെച്ചിരുന്നു. ഈ നെയ് പാത്രം വെച്ചിരുന്ന കിറ്റിലാണ് താൻ വാങ്ങിയ ലോട്ടറി ടിക്കറ്റ് വെച്ചിരുന്നത് എന്നും സജിമോൻ പറയുന്നു. പിന്നീട് വിശാഖപട്ടണം സ്വദേശിക്ക് നെയ് പാത്രം കൊറിയർ ചെയ്തപ്പോൾ അതിനൊപ്പം ടിക്കറ്റും ഉൾപ്പെട്ടതായുമാണ് സജിമോൻ പറയുന്നത്.

ലോട്ടറി ടിക്കറ്റിൻ്റെ കാര്യം ഓർമ്മ വന്നപ്പോൾ പാത്രം അയച്ചതിൻ്റെ തൊട്ടടുത്ത ദിവസം കൊറിയർ സ്ഥാപനവുമായി ബന്ധപ്പെട്ടെങ്കിലും പാത്രം തിരികെ കിട്ടിയില്ല. അതേസമയം, ബമ്പർ സമ്മാനം അടിച്ചയാൾ ടിക്കറ്റ് തിരുവനന്തപുരത്ത് ലോട്ടറി കാര്യാലയത്തിൽ ഹാജരാക്കിയതായും സൂചനയുണ്ട്. ലോട്ടറി വകുപ്പുമായി ബന്ധപ്പെട്ട് ടിക്കറ്റ്‌ പരിശോധിക്കണമെന്നും തട്ടിപ്പ് കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് സജിമോൻ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe