രാജ്യത്ത് വീണ്ടും ബാങ്ക് തട്ടിപ്പ്; ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിൽ നടന്നത് 590 കോടിയുടെ ക്രമക്കേട്

news image
Feb 23, 2026, 7:58 am GMT+0000 payyolionline.in

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും ബാങ്ക് തട്ടിപ്പ് നടന്നതായി റിപ്പോർട്ട്. ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിൽ 590 കോടിയുടെ തട്ടിപ്പാണ് നടന്നത്. ഞായറാഴ്ചയാണ് തട്ടിപ്പ് നടന്ന വിവരം ബാങ്ക് സ്ഥിരീകരിച്ചത്. ഹരിയാന സർക്കാറുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. ഇക്കാര്യം ആർ.ബി.ഐയെ അറിയിച്ചുവെന്നും പൊലീസിന് പരാതി നൽകിയിട്ടുണ്ടെന്നും ​ബാങ്ക് റഗുലേറ്ററി ഫയലിങ്ങിൽ അറിയിച്ചു.

ബാങ്കിന്റെ ഛണ്ഡിഗഢ് ബ്രാഞ്ചിലാണ് തട്ടിപ്പ് നടന്നത്. ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു തട്ടിപ്പ്. ഹരിയാന സർക്കാറുമായി ബന്ധപ്പെട്ട ചില അക്കൗണ്ടുകളിൽ നിന്നാണ് പണം തട്ടിയത്.നിലവിൽ ഏകദേശം 590 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് വിലയിരുത്തുന്നത്. കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ എത്ര കോടിയുടെ തട്ടിപ്പാണ് നടന്നതെന്ന് വിലയിരുത്താനാകുവെന്ന് ബാങ്ക് വ്യക്തമാക്കി.

ഹരിയാന സർക്കാറിന് ബാങ്കിൽ നിരവധി അക്കൗണ്ടുകളുണ്ട്. ഇത് ക്ലോസ് ചെയ്ത് പണം മറ്റൊരു ബാങ്കിലേക്ക് മാറ്റാൻ സർക്കാർ അപേക്ഷ നൽകി. പണം മാറ്റാൻ നോക്കുന്നതിനിടെയാണ് പണം നഷ്ടമായ വിവരം അറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് നാല് ജീവനക്കാരെ സസ്​പെൻഡ് ചെയ്തുവെന്ന് ഐ.ഡി.എഫ്.സി ബാങ്ക് അറിയിച്ചു. ഇവർക്കെതിരെ ആഭ്യന്തര അന്വേഷണം നടക്കുകയാണ്. ജീവനക്കാർക്കെതിരെ ക്രിമിനലായും സിവിലായും നിയമനടപടികൾ ഉണ്ടാവുമെന്നും ബാങ്ക് അറിയിച്ചു.

തട്ടിപ്പ് സംബന്ധിച്ച വിവരം പുറത്ത് വന്നതിന് ​പിന്നാലെ ഓഹരി വിപണിയിൽ ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിന് തിരിച്ചടിയേറ്റു. 20 ശതമാനം നഷ്ടമാണ് ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് ഓഹരികൾക്ക് ഉണ്ടായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe