കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ പീഡനത്തിനിരയാക്കിയ കേസിൽ ആലപ്പാട് സ്വദേശിക്ക് 23 വർഷം കഠിനതടവ് വിധിച്ചു. ആലപ്പാട് സ്വദേശി നിഥിനെ (28) ആണ് കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി രാജീവൻ വാച്ചൽ ശിക്ഷിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെ 1.10 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി അധിക തടവ് അനുഭവിക്കണം.
ഇൻസ്റ്റാഗ്രാം വഴിയാണ് പ്രതി അതിജീവതയെ പരിചയപ്പെട്ടത്. തുടർന്ന് പെൺകുട്ടിയെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പലതവണ പീഡിപ്പിക്കുകയായിരുന്നു. പീഡനവിവരം പുറത്തു പറയാതിരിക്കാൻ പ്രതി കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണിയെത്തുടർന്ന് മാനസികനില തകരാറിലായ പെൺകുട്ടിക്ക് ഒന്നരമാസത്തോളം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നു.
കരുനാഗപ്പള്ളി പോലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ 28 സാക്ഷികളെ വിസ്തരിക്കുകയും 38 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എൻ.സി. പ്രേംചന്ദ്രൻ ഹാജരായി.
