യാത്രാദുരിതത്തിന് അറുതിയാവുന്നു

news image
Mar 13, 2026, 3:45 am GMT+0000 payyolionline.in

നരിക്കുനി : വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ നരിക്കുനി ഗ്രാമപ്പഞ്ചായത്ത് ഏഴാംവാർഡിലെ മുച്ചിലാടി ഉന്നതിയിലേക്കുള്ള യാത്രാക്ലേശത്തിന് പരിഹാരമാവുന്നു. ജില്ലാപഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൽപ്പെടുത്തി അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് പൂർത്തീകരിച്ച മുച്ചിലാടി എസ്.സി. ഉന്നതി റോഡ് 13-ന് രാവിലെ ഒൻപതിന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഉദ്ഘാടനംചെയ്യും. ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ. ബാലാമണി അധ്യക്ഷയാവും. പ്രസിഡന്റ് സി.പി. ലൈല മുഖ്യാതിഥിയായിരിക്കും. 221.8 മീറ്റർ നീളത്തിലാണ് റോഡ് കോൺക്രീറ്റ് ചെയ്തിരിക്കുന്നത്. ഉന്നതിയിലെ 15 കുടുംബങ്ങൾക്കും സമീപവാസികൾക്കും ഇതിന്റെ ഗുണം ലഭിക്കും.

ചുരംപാതയ്ക്ക് സമാനമാക്കി

മലമുകളിൽനിന്ന്‌ കുത്തനെയുള്ള ഇറക്കത്തിലേക്ക് കുത്തിയൊലിച്ചുവരുന്ന മഴവെള്ളത്തെ തടയിടാൻ പടികളാണ് നേരത്തേ വിദഗ്‌ധർ നിർദേശിച്ചിരുന്നത്. എന്നാൽ, ഇത് റോഡിന്റെ സ്വാഭാവികത നിലനിർത്താൻ സഹായകമായിരുന്നില്ല. റോഡ് കാൽനടയാത്രപോലും സാധ്യമല്ലാത്ത സ്ഥിതിയിലേക്ക് നീങ്ങിയിരുന്നു. ഏറെക്കാലമായി റോഡ് അസുഖം ബാധിച്ചവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ സാധ്യമല്ലാത്ത സ്ഥിതിയിലായിരുന്നു. പരിഹാരമായി നിലവിലെ റോഡിന് മാറ്റംവരുത്തി. കുത്തനെയുള്ള കയറ്റം ഒഴിവാക്കി ചുരംമോഡലിലേക്ക് മാറ്റിയാണ് നിർമിച്ചിരിക്കുന്നത്. എന്നിരുന്നാലും റോഡിന് കൈവരി സഥാപിക്കണമെന്ന ആവശ്യം ശക്തമായുണ്ട്.

വേനലിന്റെ വേവലാതിയില്ലാതെ…

ജൽ ജീവൻ മിഷൻ പദ്ധതിയും, സ്വകാര്യ കിണറുകളെ ആശ്രയിക്കുന്നതും വഴി വേനലിന്റെ വേവലാതിയിൽ ഒരുകുടം വെള്ളത്തിനായി നൊട്ടോട്ടമോടിയ മുച്ചിലാടി മല ഉന്നതിയിലെയും പ്രദേശവാസികളുടെയും ദുരവസ്ഥയ്ക്ക് പരിഹാരമായി. ജൽ ജീവൻ മിഷൻ വിതരണപൈപ്പുകൾ കുന്നിൻപുറത്തെ വീടുകളിലേക്ക് നേരിട്ടെത്താത്തതുമൂലം കുന്നിനുതാഴെ ബൂസ്‌റ്റർ ടാങ്കുകൾ സ്ഥാപിച്ചാണ് പരിഹാരമുണ്ടാക്കിയത്. സമീപത്തെ സ്വകാര്യകിണറിൽനിന്ന്‌ മോട്ടോറുപയോഗിച്ച് വെള്ളമെടുക്കാനുള്ള അനുമതികൂടി വീട്ടുകാർ നൽകിയതോടെ പലരും സ്വന്തം നിലയിൽ മോട്ടോറും ടാങ്കും സ്ഥാപിച്ച്‌ കുടിവെള്ളപ്രശ്നം പരിഹരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe