സ്വന്തം വീട്ടിലെ പണവും സ്വർണവും മോഷ്ടിച്ച് പോലീസിനെ വിളിച്ചുവരുത്തി; ഒടുവിൽ കട്ടർ ചതിച്ചു, അറസ്റ്റ്

news image
Mar 19, 2026, 9:45 am GMT+0000 payyolionline.in

വിഴിഞ്ഞം: സ്വന്തം വീട്ടിൽ സൂക്ഷിച്ചിരുന്ന ഏഴുപവന്റെ സ്വർണാഭരണങ്ങളും 15,000 രൂപയും മോഷ്ടിച്ചശേഷം പോലീസിൽ പരാതിനൽകിയ കേസിലെ വീട്ടുടയെ റിമാൻഡ് ചെയ്തു. വെങ്ങാനൂർ നീലകേശി മുടിപ്പുരയ്ക്കു സമീപം ആദിത്യ വീട്ടിൽ മനോജിനെ(33) ആണ് വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തു.

തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് മനോജ് വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും മോഷ്ടിച്ചത്. തുടർന്ന് വീടിന്റെ പിൻവാതിൽ തുറന്നിടുകയും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കട്ടർ ഉപയോഗിച്ച് ജനാലയുടെ കമ്പികൾ മുറിച്ചുമാറ്റുകയും ചെയ്തു. തുടർന്ന് ഓട്ടോറിക്ഷ ഓടിക്കാൻ പോയിരുന്നു. പിന്നാലെ കട്ടച്ചൽക്കുഴിക്ക് സമീപം മീൻവിൽക്കുന്ന ഭാര്യയെ ഓട്ടോറിക്ഷയിൽ കയറ്റി വീട്ടിൽ തിരിച്ചെത്തി. വാതിൽ തുറന്നിട്ടിരിക്കുന്നതും ജനാലകമ്പികൾ മുറിച്ചതും കണ്ട് ഭാര്യക്കൊപ്പം ബഹളംവെച്ചു.

തുടർന്ന് പോലീസിൽ നൽകിയ വിവരത്തെ തുടർന്ന് നടത്തിയ വിശദ അന്വേഷണത്തിലായിരുന്നു വീട്ടുടമയാണ് മോഷണം നടത്തിയതെന്ന് തെളിഞ്ഞത്. എസ്.എച്ച്.ഒ. വി. ഡി. രെജി രാജ്, എസ്.ഐ.ആർ.എസ്. രഞ്ചു, സി.പി.ഒ.മാരായ വിനയകുമാർ, രെജിൻ എന്നിവരുൾപ്പെട്ട സംഘം ഇയാളെയും വീട്ടിലുണ്ടായിരുന്ന ബന്ധുവിനെയും സ്‌റ്റേഷനിലെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു പ്രതി കുടുങ്ങിയത്. ജനൽക്കമ്പി മുറിച്ചപ്പോഴുണ്ടായ പൊടിയും കൈകളിലുണ്ടായ നിസ്സാര പൊള്ളലും കണ്ടെത്തിയതോടെയാണ് മോഷണം ഇയാളാണ് നടത്തിയതെന്ന് തെളിഞ്ഞത്. കുറ്റസമ്മതം നടത്തിയതിനെത്തുടർന്ന് ഇയാളെ അറസ്റ്റുചെയ്തു. തുടർന്ന് വീട്ടിലെ അലമാരയിൽ ഒളിപ്പിച്ചിരുന്ന ആഭരണവും പണവും പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe