ആലപ്പുഴ: കായംകുളം എംഎൽഎ യു പ്രതിഭയ്ക്കെതിരെ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തി കായംകുളം മണ്ഡലം യുഡിഎഫ് കൺവീനറും മുസ്ലിം ലീഗ് നേതാവുമായ എ ഇർഷാദ്. ശരീര അഴക് വിൽപ്പന ചരക്കാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്നു എന്നാണ് എ ഇർഷാദിന്റെ വിവാദ പ്രസ്താവന. വാക് ചാരുതയും വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണെന്നും ഇർഷാദ് പറഞ്ഞു. യുഡിഎഫ് മണ്ഡലം കൺവെൻഷൻ പ്രസംഗത്തിൽ ആയിരുന്നു പരാമർശം. എം ലിജുവാണ് കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി.
‘രാഷ്ട്രീയ അധികാരം ഉപയോഗിച്ചുകൊണ്ട് എന്തും നടത്തും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അവരുടെ മകൻ അകപ്പെട്ട കഞ്ചാവ് കേസിൽ അവർ എടുത്ത നിലപാട്. ആ നിലപാടിനെ ന്യായീകരിക്കുന്ന അമ്മയാണ് അവർ. ഒരു എംഎൽഎയ്ക്ക് അഞ്ച് കോടി രൂപയാണ് ഒരു വർഷമുളള വിഹിതം. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഫണ്ടിംഗ് വേറെ. കുറഞ്ഞത് ഒരുകോടി രൂപ അവർക്ക് ഒരു മണ്ഡലത്തിൽ വിനിയോഗിക്കാൻ പറ്റും. ആ പണം ഉപയോഗിച്ചുകൊണ്ട് കായംകുളത്തിന്റെ നിലനിൽപ്പിനായി ശ്രദ്ധേയമായ എന്താണ് കൊണ്ടുവന്നത് ? 20 വർഷം മുൻപ് ഡിവൈഎഫ്ഐക്കാരൻ തച്ചടിയിൽ പ്രഭാകരന്റെ വീട്ടിലേക്ക് കായംകുളം താലൂക്ക് ആക്കണമെന്ന് ആവശ്യപ്പെട്ട് മാർച്ച് ചെയ്തിട്ടുണ്ട്. അത് കഴിഞ്ഞ് 20 വർഷക്കാലം സിപിഐഎം എംഎൽഎമാർ ഇവിടം ഭരിച്ചു. അതിൽ 15 വർഷം എൽഡിഎഫ് സർക്കാരായിരുന്നു. ഒരു ജനപ്രതിനിധി എന്ന നിലയിൽ അവർക്ക് ഒന്നുംതന്നെ ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്ന പരമമായ യാഥാർത്ഥ്യം നിൽക്കുമ്പോഴാണ് വീണ്ടും അവരുടെ വാക് ചാതുരിയും ശരീര അഴകും വിൽപ്പനയ്ക്ക് വെച്ചുകൊണ്ട് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാൻ പോവുകയാണ്’ എന്നാണ് എ ഇർഷാദ് പറഞ്ഞത്.
ലീഗ് നേതാവിന്റെ വിവാദ പ്രസ്താവനയ്ക്ക് മറുപടിയുമായി യു പ്രതിഭയും രംഗത്തെത്തി. നിയമനടപടി സ്വീകരിക്കുമെന്ന് പ്രതിഭ അറിയിച്ചു. സ്ത്രീ സംരക്ഷകരെന്ന് അവകാശപ്പെടുന്ന യുഡിഎഫുകാരാണ് പ്രസ്താവന നടത്തിയതെന്നും പൊലീസിൽ ഉടൻ പരാതി നൽകുമെന്നും യു പ്രതിഭ പറഞ്ഞു. ആകാര വടിവ് കൊണ്ടാണ് ഇവർ സ്ത്രീകളെ അളക്കുന്നത്. കായംകുളത്തെ ജനങ്ങൾ വികസനം കൊണ്ട് തന്നെ അളക്കുമെന്നും വലിയ വേദന ഉണ്ടാക്കുന്ന പ്രതികരണമാണ് ലീഗ് നേതാവിൽ നിന്ന് വന്നതെന്നും അവർ കൂട്ടിച്ചേർത്തു.
