കൊച്ചി: തെരഞ്ഞെടുപ്പ് ചെലവിൻറെ കണക്ക് സമർപ്പിക്കാത്തതിൻറെ പേരിൽ സ്ഥാനാർത്ഥികളെ അയോഗ്യരാക്കുന്നതിന് മുൻപ് അവരുടെ വാദവും കേൾക്കണമെന്ന് ഹൈക്കോടതി. 2020ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിച്ച ദേവദാസ് ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. ഇവരെ അയോഗ്യരാക്കിയ നടപടി കോടതി റദ്ദാക്കി. മതിയായ നോട്ടീസ് നൽകാതെയും വിശദീകരണം നൽകാനുള്ള അവസരം അനുവദിക്കാതെയുമാണ് അയോഗ്യരാക്കിയതെന്നാണ് ഹർജിയിൽ വ്യക്തമാക്കിയിരുന്നത്. അയോഗ്യത നടപടികളുമായി ബന്ധപ്പെട്ട കേരള പഞ്ചായത്തീരാജ് ചട്ടങ്ങളിൽ നിർദേശിച്ചിരിക്കുന്ന നടപടിക്രമങ്ങൾ കർശനമായി പാലിക്കണമെന്നും കോടതി പറഞ്ഞു.
സ്ഥാനാർത്ഥിക്ക് വ്യക്തമായി നോട്ടീസ് നൽകുന്നത് മാത്രമല്ല, അത് ലഭിച്ചതായി ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ ചെലവ് കണക്ക് സമർപ്പിക്കണമെന്നതാണ് ചട്ടം. എന്നാൽ നോട്ടീസ് ലഭിച്ചതായി ഉറപ്പാക്കാതെയോ വിശദീകരണം പരിശോധിക്കാതെയോ അയോഗ്യത പ്രഖ്യാപിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. നോട്ടീസ് ലഭിച്ച ശേഷം 20 ദിവസത്തിനകം സ്ഥാനാർത്ഥി നൽകുന്ന വിശദീകരണവും ബന്ധപ്പെട്ട ഉദ്യോഗസ്ഥൻറെ റിപ്പോർട്ടും പരിശോധിച്ച ശേഷമേ കമ്മീഷന് തുടർ നടപടികൾ സ്വീകരിക്കാനാകൂ. ആവശ്യമായ രേഖകൾ ഹാജരാക്കാൻ സ്ഥാനാർത്ഥിക്ക് അവസരം നൽകണമെന്നും കോടതി നിർദേശിച്ചു.
ഈ നടപടിക്രമങ്ങൾ പാലിക്കാത്ത സാഹചര്യത്തിലാണ് ഹർജിക്കാർക്കെതിരായ അയോഗ്യത ഉത്തരവുകൾ കോടതി റദ്ദാക്കിയത്. എന്നാൽ നിയമാനുസൃതമായ നടപടികൾ പാലിച്ച് വീണ്ടും നടപടികൾ സ്വീകരിക്കാൻ തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി. ഒരു വ്യക്തിയെ അഞ്ച് വർഷത്തേക്ക് അയോഗ്യനാക്കുന്നത് ഗുരുതരമായ നടപടിയാണെന്നും അത് പൗരൻറെ ഭരണഘടനാപരമായ അവകാശങ്ങളെ ബാധിക്കുന്നതിനാൽ അതീവ ജാഗ്രതയോടെ മാത്രമേ ഇത്തരം നടപടികൾ കൈക്കൊള്ളാവൂ എന്നും കോടതി നിരീക്ഷിച്ചു.
