വടകരയിൽ കെ.കെ. രമയുടെ ചുമരെഴുത്തിന് നേരെ കരിഓയിൽ പ്രയോഗം; സൈബർ ആക്രമണത്തിനെതിരെയും പരാതി

news image
Mar 31, 2026, 9:34 am GMT+0000 payyolionline.in

വടകര: വടകര നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ് പിന്തുണയുള്ള ആർ.എം.പി.ഐ സ്ഥാനാർത്ഥി കെ.കെ. രമയുടെ പ്രചാരണ ബോർഡുകൾക്കും ചുമരെഴുത്തുകൾക്കും നേരെ കരിഓയിൽ പ്രയോഗം. വടകര വെള്ളിക്കുളങ്ങരയിൽ സ്ഥാപിച്ച ചുമരെഴുത്തുകളാണ് പൂർണ്ണമായും കരിഓയിൽ ഒഴിച്ച് വികൃതമാക്കിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ ആർ.എം.പി.ഐ ചോമ്പാല പോലീസിൽ പരാതി നൽകി.

തിരഞ്ഞെടുപ്പ് പരാജയം ഭയക്കുന്ന ഇടതുപക്ഷമാണ് ഇത്തരമൊരു ഹീനകൃത്യത്തിന് പിന്നിലെന്ന് ആർ.എം.പി.ഐ ആരോപിച്ചു. വടകരയിൽ ജനാധിപത്യപരമായ പ്രചാരണത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

അതേസമയം, സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങൾക്കെതിരെ കെ.കെ. രമ റൂറൽ എസ്.പിക്ക് പരാതി നൽകി. നവമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തണമെന്നാണ് ആവശ്യം. ചോമ്പാൽ ഹാർബറിൽ പ്രചാരണത്തിനിടെ സ്ഥാനാർത്ഥിയെ പൊതുജനങ്ങൾ തടഞ്ഞുവെച്ചു എന്ന രീതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. അത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും ബോധപൂർവം അവഹേളിക്കാനാണ് ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്നും കെ.കെ. രമ വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe