കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ 396 ബൂത്തുകളും ഹരിത ബൂത്തുകളാകുന്നു

news image
Mar 31, 2026, 12:42 pm GMT+0000 payyolionline.in

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കോഴിക്കോട് കോർപ്പറേഷൻ പരിധിയിലുള്ള എല്ലാ പോളിംഗ് സ്റ്റേഷനുകളും പൂർണ്ണമായും ഹരിത ചട്ടം പാലിക്കുന്ന ഹരിത ബൂത്തുകളായി മാറ്റാൻ തീരുമാനം. കോഴിക്കോട് സൌത്ത്, കോഴിക്കോട് നോർത്ത്, ബേപ്പൂർ, എലത്തൂർ നിയസഭാ മണ്ഡലങ്ങളിലായി ഉൾപ്പെടുന്ന 396 ബൂത്തുകളിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശപ്രകാരം ഈ സംവിധാനം നടപ്പിലാക്കുന്നത്. പദ്ധതിയുടെ ആസൂത്രണത്തിനായി കോർപ്പറേഷൻ ഹെൽത്ത് വിഭാഗം ജീവനക്കാരുടെ യോഗം ചേർന്നു.

 

ഓരോ പോളിംഗ് ബൂത്തിലും മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഹരിത കർമ്മ സേനാംഗങ്ങളെ ചുമതലപ്പെടുത്തും. വോട്ടെടുപ്പ് അവസാനിച്ചാലുടൻ ബൂത്തുകളിലെ മാലിന്യം നിശ്ചിത സംഭരണ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനായി പ്രത്യേക ട്രാൻസ്പോർട്ടേഷൻ പ്ലാൻ കോർപ്പറേഷൻ തയ്യാറാക്കുന്നതാണ് . പോളിംഗ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ഹെൽത്ത് ഉദ്യോഗസ്ഥർ മുൻകൂട്ടി പരിശോധന നടത്തുകയും ശുചിത്വ കാര്യങ്ങളിലെ പോരായ്മകൾ പരിഹരിക്കുകയും ചെയ്യും.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യുന്ന ഭക്ഷണത്തിന് ഗ്രീൻ പാക്കിംഗ് സംവിധാനം ഉറപ്പുവരുത്തും. ബൂത്തുകളിൽ ഹരിത ചട്ടം കർശനമായി പാലിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിച്ചുചേർക്കും. ഉദ്യോഗസ്ഥരുടെ യോഗം കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറി എൻ.കെ. ഹരീഷ് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഓഫീസർ ഡോ. മുനവർ റഹ്മാൻ അധ്യക്ഷത വഹിച്ചു.

തദ്ദേശ സ്വയംഭരണ വകുപ്പിലെ ഇന്റേണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദ് ഹരിത തിരഞ്ഞെടുപ്പ് സംബന്ധിച്ച് ക്ലാസ്സെടുത്തു. മാലിന്യ മേഖലയിലെ പുതിയ നിയമമാറ്റങ്ങളെ കുറിച്ച് ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ ഒ. ജ്യോതിഷ് വിശദീകരിച്ചു. ക്ലീൻ സിറ്റി മാനേജർ കെ. ദീലീപ് കുമാർ യോഗത്തിൽ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ രജീഷ് ബാബു സ്വാഗതവും അരുണ പ്രഭ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe