വടകര: വടകര ആർ.ടി.ഒ ഓഫീസിന് നേരെ ബോംബ് ഭീഷണി. ‘ദ്രാവിഡനാട് ഗവൺമെന്റ് ഇൻ എക്സൈൽ’ (Dravida Nadu Government-in-Exile) എന്ന സംഘടനയുടെ പേരിലെത്തിയ ഇമെയിൽ സന്ദേശമാണ് വടകരയിൽ വലിയ പരിഭ്രാന്തി പരത്തിയത്. ഉച്ചയ്ക്ക് 1:10-ന് ഓഫീസിൽ 13 ബോംബുകൾ പൊട്ടിത്തെറിക്കുമെന്നും ഉടൻ എല്ലാവരെയും ഒഴിപ്പിക്കണമെന്നുമാണ് ഇമെയിലിലെ മുന്നറിയിപ്പ്.
തമിഴ്നാട് സർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നു എന്ന് വ്യക്തമാക്കുന്ന സന്ദേശത്തിൽ, അതിന്റെ ഭാഗമായാണ് കേരളത്തിലെ ആർ.ടി.ഒ ഓഫീസുകൾ തകർക്കുന്നതെന്ന് പറയുന്നു. മദ്രാസ് ടൈഗേഴ്സ്, തമിഴ് വിടുതലൈ അമൈപ്പ് തുടങ്ങിയ വിവിധ സംഘടനകളുടെ പിന്തുണ തങ്ങൾക്കുണ്ടെന്നും സന്ദേശത്തിൽ അവകാശപ്പെടുന്നുണ്ട്. തമിഴ്നാട് സർക്കാരിനെതിരെയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെയും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്ന ഇമെയിൽ, മാർച്ച് 31 മുതൽ തങ്ങൾ ആരംഭിച്ച ‘നിയമവിരുദ്ധവൽക്കരണ വാരം’ എന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് വിശദീകരിക്കുന്നു.
ഭീഷണി സന്ദേശം ലഭിച്ചയുടൻ വടകര ആർ.ടി.ഒ ഓഫീസിൽ പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി. മുൻകരുതൽ നടപടിയായി ഓഫീസിനുള്ളിൽ ഉണ്ടായിരുന്ന ജീവനക്കാരെയും പൊതുജനങ്ങളെയും സുരക്ഷിതമായി പുറത്തെത്തിച്ചു. ഇമെയിലിന്റെ ഉറവിടം കണ്ടെത്താൻ സൈബർ സെൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വടകരയ്ക്ക് പുറമെ സംസ്ഥാനത്തെ മറ്റ് ചില ആർ.ടി.ഒ ഓഫീസുകളിലും സമാനമായ ഭീഷണി സന്ദേശം ലഭിച്ചതായാണ് സൂചന.
