താമരശ്ശേരി : നാടിനെ നടുക്കിയ കരിഞ്ചോല ഉരുൾപൊട്ടൽ ദുരന്തത്തെത്തുടർന്ന് ഒലിച്ചുപോയ കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോല-പൂവൻമല-എട്ടേക്ര റോഡിന്റെ തകർന്നഭാഗം, എട്ടുവർഷം കഴിഞ്ഞിട്ടും നവീകരിക്കാതെ കല്ലും മണ്ണുംനിറഞ്ഞ് ഗതാഗതം ദുഷ്കരമായ നിലയിടാണ്. ഈ റോഡിന്റെ തുടക്കഭാഗത്ത് നേരത്തേ ടാറിങ് നടത്തിയിരുന്ന മുന്നൂറ്ു മീറ്ററോളം ദൂരത്തിൽ പലയിടത്തും ഉപരിതലം അടർന്ന് ഗർത്തങ്ങൾ നിറഞ്ഞനിലയിലാണ്. എട്ടേക്ര ഭാഗത്തെ കോൺക്രീറ്റ് ചെയ്ത ഭാഗത്തിനുശേഷമുള്ള രണ്ടേകാൽ കിലോമീറ്ററോളം ദൂരമാവട്ടെ കുത്തനെയുള്ള കയറ്റങ്ങളും വളവുകളും നിറഞ്ഞ വാഹനഗതാഗതയോഗ്യമല്ലാത്ത മൺപാതയുമാണ്. ടാർചെയ്യാത്ത സ്ഥലങ്ങളിൽ ടാറിങ്ങോ കോൺക്രീറ്റോ നടത്തിയും ടാറിങ് നടത്തിയയിടങ്ങളിൽ അറ്റകുറ്റപ്പണിനടത്തിയും റോഡ് പൂർണമായി ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ വോട്ടിങ് ബഹിഷ്കരിക്കുമെന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ് പ്രദേശവാസികൾ.
2018 ജൂൺ പതിന്നാലാംതീയതി പുലർച്ചെയായിരുന്നു കരിഞ്ചോലമലയുടെ മുകൾഭാഗത്തുണ്ടായ ഉരുൾപൊട്ടൽ താഴ്വാരത്തെ അരക്കിലോമീറ്ററോളം വരുന്ന ഒരുപ്രദേശത്തെതന്നെ തുടച്ചുനീക്കിയത്. ഒറ്റദിവസംകൊണ്ട് 14 മനുഷ്യജീവനുകൾ പൊലിയുകയും, വീടുകൾ തൂത്തെറിയപ്പെടുകയും ചെയ്ത അന്ന് കരിഞ്ചോല-പൂവൻമല റോഡിന്റെ 450 മീറ്ററോളം വരുന്ന ഭാഗം പാടെ ഒലിച്ചുപോയി. ജില്ലാപഞ്ചായത്തിന്റെ 2018-19 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി അൻപതുലക്ഷം രൂപ ചെലവഴിച്ചാണ് പിന്നീട് 450 മീറ്റർ നീളത്തിൽ റോഡ് മൺനിരത്തായി പുനർനിർമിച്ചത്.
കൂറ്റൻ പാറക്കല്ലുകൾ പൊട്ടിച്ചുമാറ്റി റോഡ് ഒലിച്ചുപോയ ഭാഗത്ത് കരിങ്കൽഭിത്തി കെട്ടിയുയർത്തി കോൺക്രീറ്റ് ബെൽറ്റ് നിർമിച്ച് സുരക്ഷിതമാക്കിയശേഷം മണ്ണുനിറച്ച് നിരത്ത് പൂർവസ്ഥിതിയിലാക്കുകയായിരുന്നു. രണ്ടുഭാഗങ്ങളിലും കലുങ്ക് നിർമിച്ചു. റോഡ് പുനർനിർമിച്ചഭാഗത്തെ സോളിങ്ങും ടാറിങ്ങുമടക്കമുള്ള ശാസ്ത്രീയപ്രവൃത്തി വേഗം പൂർത്തീകരിക്കുമെന്നായിരുന്നു അന്നത്തെ പഞ്ചായത്ത്, ജില്ലാഭരണകൂട അധികൃതരുടെ വാഗ്ദാനം. എന്നാൽ, എട്ടുവർഷം പിന്നിട്ടിട്ടും, ഭരണസമിതികൾ മാറി മാറി വന്നിട്ടും ഉരുൾപൊട്ടലിൽ തകർന്നഭാഗം ടാർ ചെയ്യാതെ അതേപടി കിടക്കുകയാണ്. കുറച്ച് കല്ലുകളും മെറ്റലുകളും ക്വാറിവെയ്സ്റ്റും തട്ടിനിരത്തിയത് മാത്രമായിരുന്നു അറ്റകുറ്റപ്രവൃത്തി. കേവലം പത്തുലക്ഷം രൂപയുടെ ഫണ്ട് വകയിരുത്തി ചെയ്യാവുന്ന പ്രവൃത്തിയാണ് ഇത്രകാലമായിട്ടും യാഥാർഥ്യമാക്കാതെ നീണ്ടുപോവുന്നത്. മലവെള്ളം കുത്തിയൊലിച്ചെത്തി റോഡ് തകർന്നഭാഗത്തും, പൂവൻമല ഭാഗത്തേക്ക് എത്തുന്ന റോഡിലെ മറ്റു കലുങ്കുകളുടെ ഇരുവശങ്ങളിലുമെല്ലാം റോഡ് തകർന്ന് ഗതാഗതം ദുഷ്കരമാണ്.
അതേസമയം, ഉരുൾപൊട്ടലിൽ നാശംനേരിടാത്ത, മുൻപ് ടാർചെയ്തിരുന്ന റോഡിന്റെ മുകൾഭാഗത്തേക്കുള്ള ജനവാസമേഖലയല്ലാത്ത നിരത്താവട്ടെ ഏതാനും ദൂരം കോൺക്രീറ്റ് ചെയ്തു. കരിഞ്ചോല-എട്ടേക്ര റോഡിന്റെ പൂവൻമല ഭാഗം കാരാട്ട് റസാഖ് എം.എൽ.എയുടെ ആസ്തിവികസനഫണ്ടിൽനിന്ന് 15 ലക്ഷം വിനിയോഗിച്ചാണ് കോൺക്രീറ്റ് ചെയ്തത്. 2020 ജനുവരി 27-നായിരുന്നു അതിന്റെ ഉദ്ഘാടനം. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിപ്രകാരം പത്തുലക്ഷം രൂപ വിനിയോഗിച്ച് 185 മീറ്റർ ദൂരവും കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി. 2021 ജൂൺ 28-നായിരുന്നു ഈ പ്രവൃത്തിയുടെ പൂർത്തീകരണം.
ഉരുൾപൊട്ടലിൽ തകർന്ന ഭാഗത്തിന്റെ നവീകരണത്തിനായി ഇടയ്ക്ക് ജില്ല, ഗ്രാമപ്പഞ്ചായത്തുകൾ ഫണ്ട് വകയിരുത്തിയതായി അറിയിച്ചിരുന്നെങ്കിലും ഒന്നും നടപടിയായില്ല. നിലവിൽ വട്ടിക്കുന്നുമ്മൽ അഹമ്മദ്കുട്ടി ഹാജിയുടെ വീട് വരെയുള്ള ഭാഗത്ത് മാത്രമേ ഈ റോഡിൽ നിലവിൽ ആൾപ്പാർപ്പുള്ളൂ. പ്രകൃതി ദുരന്തഭീഷണി മുന്നിൽക്കണ്ട് പലരെയും മാറ്റിപ്പാർപ്പിക്കുകയും, മറ്റുള്ളവർ കൃഷിഭൂമി മാത്രം നിലനിർത്തി സ്വമേധയാ ഒഴിഞ്ഞുപോവുകയുമായിരുന്നു. അതിനാൽത്തന്നെ വീടുകൾ പരിമിതമായ സാഹചര്യം ഈ റോഡിനെ മുൻഗണനാക്രമത്തിൽ ഏറെ പിറകോട്ടാക്കി. റോഡ് പരിധിയിലുള്ള ഗുണഭോക്താക്കൾ താരതമ്യേന കുറഞ്ഞതിനാലും, വളവുകൾ നിറഞ്ഞ കുത്തനെയുള്ള നിരത്തിന്റെ ഭൂപ്രകൃതിയും കാരണമാണ് പി.എം.ജി.എസ്.വൈ പോലുള്ള പദ്ധതികളിൽ ഉൾപ്പെടുത്തി റോഡ് നവീകരിക്കാനാവാതെ പോയതെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു.
എം.കെ. മുനീർ എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽനിന്ന് 20 ലക്ഷം രൂപ സമീപകാലത്ത് അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും അത് കോൺക്രീറ്റ് ചെയ്ത ഭാഗത്തിന് മുകൾഭാഗത്തെ പ്രവൃത്തിക്കായാണ് വിനിയോഗിക്കാനൊരുങ്ങുന്നത്. ഉരുൾപൊട്ടലിൽ തകർന്ന ഭാഗത്തല്ല, മറിച്ച് കുത്തനെ കയറ്റമുള്ള മേഖലയിലാണ് വാഹനസൗകര്യം മുൻനിർത്തി നവീകരണം വേണ്ടതെന്ന ചില ഭൂവുടമകളുടെ ആവശ്യപ്രകാരമാണ് ഈ നടപടിയെന്നാണ് വാദം.
ടാറിങ്ങ് നടത്തിയയിടങ്ങളിലെ അറ്റകുറ്റപ്പണിക്ക് ജില്ലാപഞ്ചായത്തിന്റെ മെയിന്റൻസ് ഫണ്ട് പരിഗണനയിലാണെന്നും അധികൃതർ പറയുന്നു. അതേസമയം, ഉരുൾപൊട്ടലിൽ തകർന്ന് കാലങ്ങളായി അതേപടി കിടക്കുന്ന ഭാഗം നവീകരിക്കാതെ മുകൾഭാഗത്ത് മാത്രമായി നിർമാണപ്രവൃത്തി നടത്തിയാൽ റോഡ് പൂർണമായി ഗതാഗതയോഗ്യമാവില്ലെന്നും നവീകരണത്തിന്റെ ഗുണം ലഭിക്കില്ലെന്നുമാണ് പ്രദേശവാസികളുടെ പക്ഷം.
