കോഴിക്കോട്: ആഘോഷപൂർവ്വം ഉദ്ഘാടനം നിർവ്വഹിച്ച മലാപ്പറമ്പ് – മാനാഞ്ചിറ നാലുവരിപ്പാതയിൽ യാത്രക്കാർക്ക് കെണിയൊരുക്കി നിർമ്മാണ പിഴവുകൾ. ഉപരിതലം മിനുക്കി ഉദ്ഘാടനം നടത്തിയ റോഡിന്റെ വശങ്ങളിൽ പലയിടത്തും ടാർ അടർന്നുമാറുന്നത് അപകടഭീഷണി ഉയർത്തുന്നു. അഴുക്കുചാലുകളുടെയും കേബിൾ ചാലുകളുടെയും പ്രവൃത്തി പൂർത്തിയാകാത്തതാണ് പ്രധാന പ്രതിസന്ധി.
റോഡിനോട് ചേർന്നുള്ള ചാലുകളിൽ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ചാലുകളുടെ നിർമ്മാണം പൂർത്തിയാക്കി സ്ലാബുകൾ സ്ഥാപിച്ച് വശങ്ങളിൽ ടാർ ചെയ്താലേ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകൂ. ഉദ്ഘാടനം വരെ രാപ്പകൽ നീണ്ടുനിന്ന പ്രവൃത്തികൾ ഇപ്പോൾ മന്ദഗതിയിലായതായാണ് നാട്ടുകാരുടെ പരാതി. നിലവിലെ സാഹചര്യത്തിൽ നിർമ്മാണം പൂർത്തിയാക്കാൻ ഇനിയും ആറുമാസമെങ്കിലും എടുത്തേക്കും.
മഴക്കാലം എത്തുന്നതോടെ നഗരത്തിന് അനുഗ്രഹമാകേണ്ട പാത ശാപമായി മാറുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. അഴുക്കുചാലുകളിൽ പഴയ ഇലക്ട്രിക് പോസ്റ്റുകളും മണ്ണും കോൺക്രീറ്റ് അവശിഷ്ടങ്ങളും നിറഞ്ഞുകിടക്കുകയാണ്. ഓടകൾക്ക് തുടർച്ചയില്ലാത്തതിനാൽ മഴവെള്ളം പരിസരത്തെ വീടുകളിലേക്ക് ഇരച്ചുകയറാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് കാട്ടുവയൽ കോളനി പോലുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണിയുമുണ്ട്. ഫുട്പാത്തുകൾ പൂർത്തിയാകാത്തതിനാൽ കാൽനടയാത്രക്കാർ ജീവൻ പണയപ്പെടുത്തി റോഡിലൂടെ നടക്കേണ്ടി വരുന്നതും അപകടസാധ്യത വർദ്ധിപ്പിക്കുന്നു.
