കരിപ്പൂർ: വലിയ വിമാനങ്ങളുടെ തിരിച്ചുവരവ് കാത്തിരിക്കുന്ന കോഴിക്കോട് വിമാനത്താവളത്തിന് തിരിച്ചടിയായി റൺവേ സുരക്ഷാ പ്രതലത്തിന്റെ (RESA) വിപുലീകരണ ജോലികളിലെ മെല്ലെപ്പോക്ക്. മാർച്ചിനുള്ളിൽ 80 ശതമാനം ജോലികളും പൂർത്തിയാക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നെങ്കിലും നിലവിൽ പകുതിയോളം പ്രവൃത്തികൾ ഇനിയും ബാക്കിയാണ്. മഴക്കാലം തുടങ്ങുന്നതിന് മുൻപ് നിർമ്മാണം പൂർത്തിയായില്ലെങ്കിൽ വലിയ വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് ഇനിയും നീളും.
റൺവേയുടെ രണ്ടറ്റങ്ങളിലുമുള്ള സുരക്ഷാ പ്രതലം നിലവിലെ 90 മീറ്ററിൽ നിന്ന് 240 മീറ്ററായി ഉയർത്തുന്ന പ്രവൃത്തിയാണ് നടക്കുന്നത്. ഇതിനായി 150 മീറ്റർ വീതം നീളം കൂട്ടാനായി സംസ്ഥാന സർക്കാർ ഏറ്റെടുത്തു നൽകിയ സ്ഥലത്ത് മണ്ണ് നിറച്ച് ഉയർത്തുന്ന ജോലികൾക്കാണ് വേഗത പോരാത്തത്. ഉപദേശക സമിതി കോ-ചെയർമാൻ എം.കെ. രാഘവൻ എം.പിക്ക് എയർപോർട്ട് ഡയറക്ടർ നൽകിയ മറുപടി പ്രകാരം 48 ശതമാനം പ്രവൃത്തികൾ മാത്രമാണ് ഇതുവരെ പൂർത്തിയായത്.
നെടിയിരുപ്പ് വില്ലേജ് ഭാഗത്ത് ഇനിയും 16.4 മീറ്റർ ഉയരത്തിലും പള്ളിക്കൽ ഭാഗത്ത് 26.5 മീറ്റർ ഉയരത്തിലും മണ്ണ് നിറയ്ക്കാനുണ്ട്. മണ്ണ് ലഭ്യതയിലെ കുറവും കാലാവസ്ഥാ വ്യതിയാനവുമാണ് പ്രവൃത്തിയെ ബാധിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. നിലവിൽ രാത്രികാലങ്ങളിലും ജോലി നടക്കുന്നുണ്ടെങ്കിലും മഴ ശക്തമായാൽ മണ്ണ് നീക്കുന്നതും നിറയ്ക്കുന്നതും തടസ്സപ്പെടാൻ സാധ്യതയുണ്ട്.
2020 ഓഗസ്റ്റിലെ വിമാനാപകടത്തിന് പിന്നാലെയാണ് കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് ഡി.ജി.സി.എ നിയന്ത്രണം ഏർപ്പെടുത്തിയത്. റൺവേ സുരക്ഷാ വിപുലീകരണം പൂർത്തിയായാൽ മാത്രമേ വലിയ വിമാനങ്ങൾക്ക് അനുമതി നൽകൂ എന്ന കർശന നിലപാടിലാണ് കേന്ദ്ര ഏജൻസികൾ. പ്രവൃത്തി വൈകുന്നത് പ്രവാസികൾക്കും വിമാനത്താവളത്തിന്റെ വികസന പ്രതീക്ഷകൾക്കും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
