തഹ്‌ലിയക്കെതിരേ എൽഡിഎഫ് മതസ്പർധവളർത്തുന്ന പ്രചാരണം നടത്തുന്നതായി ആരോപണം; പരാതി നൽകി യുഡിഎഫ്

news image
Apr 1, 2026, 12:24 pm GMT+0000 payyolionline.in

കോഴിക്കോട്: പേരാമ്പ്രയിൽ എൽഡിഎഫ് പ്രചാരണത്തിനെതിരേ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ്‌ലിയക്കെതിരേ എൽഡിഎഫ് മതസ്പർധ വളർത്തുന്നരീതിയിൽ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് യുഡിഎഫ് ജില്ലാ ചെയർമാൻ ബാലനാരായണൻ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. എൽഡിഎഫ് പ്രചാരണവാഹനത്തിന്റെ അനൗൺസ്‌മെന്റിന്റെ വീഡിയോസഹിതമാണ് പരാതി നൽകിയിരിക്കുന്നത്.

ഫാത്തിമ തഹ്‌ലിയയെ പേരാമ്പ്രയിൽ സ്ഥാനാർഥിയാക്കിയ മുസ്‌ലിംലീഗ് മതംപറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്‌മെന്റാണ് എൽഡിഎഫ് പ്രചാരണവാഹനത്തിലുണ്ടായിരുന്നത്. നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക് എന്നാണ് ലീഗ് പ്രചാരണം നടത്തുന്നതെന്നും ഇത് മതഏകീകരണത്തിന്റെ ചിഹ്നംവിളിയാണെന്നും മതവർഗീയതയുടെ തന്ത്രമാണ് ലീഗ് പയറ്റുന്നതെന്നുമാണ് അനൗൺസ്‌മെന്റ്. ലീഗിന്റെ മതരാഷ്ട്രീയ ധ്രുവീകരണത്തെ ചെറുത്തുതോൽപ്പിക്കണമെന്നും അനൗൺസ്‌മെന്റിൽ പറയുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് പ്രചരിപ്പിച്ച കാഫിർ സ്‌ക്രീൻഷോട്ടിന്റെ തുടർച്ചയായാണ് എൽഡിഎഫ് ഇത്തരം പ്രചാരണം നടത്തുന്നതെന്നാണ് യുഡിഎഫിന്റെ ആരോപണം. അതേസമയം, നേതൃത്വം ഇക്കാര്യമറിഞ്ഞിട്ടില്ലെന്നും പരിശോധിക്കുമെന്നും മതസ്പർധ വളർത്തുന്ന പ്രചാരണം നടത്തിയിട്ടില്ലെന്നും എൽഡിഎഫും പ്രതികരിച്ചു.

പേരാമ്പ്ര നിയോജകമണ്ഡലത്തിൽ യുഡിഎഫിനായി മുസ്‌ലിംലീഗ് വനിതാ നേതാവ് ഫാത്തിമ തഹ്‌ലിയയും എൽഡിഎഫിനായി സിറ്റിങ് എംഎൽഎയും എൽഡിഎഫ് കൺവീനറുമായ ടി.പി. രാമകൃഷ്ണനുമാണ് മത്സരിക്കുന്നത്. മണ്ഡലം നിലനിർത്താനായി എൽഡിഎഫും പിടിച്ചെടുക്കാനായി യുഡിഎഫും തമ്മിൽ കനത്ത പോരാട്ടമാണ് പേരാമ്പ്രയിലുള്ളത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe