കോഴിക്കോട്: ജില്ലയിൽ സമീപകാലത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയിൽ മൂന്ന് കിലോയോളം എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. നീലേശ്വരം പുല്ലമ്പാടി സ്വദേശി മുഹമ്മദ് ഹനീഫയെയാണ് കോഴിക്കോട് റൂറൽ എസ്.പി. ടി. ഫറാഷിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം പിടികൂടിയത്. പ്രതി വാടകയ്‌ക്കെടുത്ത മുക്കം മണാശ്ശേരിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരിമരുന്ന് പോലീസ് കണ്ടെടുത്തു.
ഇന്ന് രാവിലെ 500 ഗ്രാം എം.ഡി.എം.എയുമായി മുഹമ്മദ് ഹനീഫയെ ഡാൻസാഫ് സംഘം പിടികൂടിയിരുന്നു. തുടർന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മണാശ്ശേരി കയ്യേരിക്കലിലെ വാടകവീട്ടിൽ കൂടുതൽ ലഹരിമരുന്ന് സൂക്ഷിച്ച വിവരം പുറത്തുവന്നത്. ഉച്ചയ്ക്ക് ശേഷം ഈ വീട്ടിൽ നടത്തിയ പരിശോധനയിൽ 2.3 കിലോഗ്രാം എം.ഡി.എം.എ കൂടി കണ്ടെടുക്കുകയായിരുന്നു. സംഭവസമയം വീട്ടിലുണ്ടായിരുന്ന ഒരു സ്ത്രീയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഡൽഹി കേന്ദ്രീകരിച്ച് കേരളത്തിലേക്ക് വൻതോതിൽ ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഹനീഫയെന്ന് പോലീസ് പറഞ്ഞു. ലഹരിമരുന്നിന്റെ മൊത്തവിതരണക്കാരനായ ഇയാൾ കുറച്ചുനാളുകളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്ന് നാട്ടിലെത്തിയ ഹനീഫ ലഹരിമരുന്ന് വിൽപനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് പിടിയിലായത്.
