ഇന്ധനക്ഷാമം രൂക്ഷമാകുന്നു: റിലയൻസ് പമ്പുകളിൽ ഇന്ധന വിതരണത്തിന് നിയന്ത്രണം

news image
Apr 10, 2026, 6:41 am GMT+0000 payyolionline.in

പശ്ചിമേഷ്യൻ യുദ്ധം ആഗോളതലത്തിൽ സൃഷ്ടിച്ച പ്രതിസന്ധിയെത്തുടർന്ന് രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമാകുന്നതായി റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി റിലയൻസ് പമ്പുകളിൽ ഇന്ധന വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ഇനി മുതൽ ഒരു വാഹനത്തിന് ഒരു തവണ പരമാവധി 1,000 രൂപയുടെ ഇന്ധനം മാത്രമേ ലഭിക്കൂ. ഇന്ധനം പൂർണ്ണമായി തീർന്നുപോകാതിരിക്കാനും പരിഭ്രാന്തി മൂലമുണ്ടാകുന്ന അമിത വിൽപന തടയാനുമാണ് ഈ നടപടിയെന്നാണ് കമ്പനിയുടെ വിശദീകരണം. ബ്രിട്ടീഷ് പെട്രോളിയവുമായി സഹകരിച്ച് രാജ്യത്ത് രണ്ടായിരത്തിലധികം പമ്പുകൾ നടത്തുന്ന റിലയൻസ് ആണ് വിതരണത്തിൽ ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തിയ ആദ്യ പ്രമുഖ കമ്പനി. എന്നാൽ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം തുടങ്ങിയ പൊതുമേഖലാ കമ്പനികൾ നിലവിൽ ഔദ്യോഗിക നിയന്ത്രണങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

യുദ്ധ സാഹചര്യത്തിൽ ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതാണ് പ്രതിസന്ധി കടുക്കാൻ കാരണം. നേരത്തെ ഇറാൻ-യുഎസ് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചപ്പോൾ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 97 ഡോളറായി കുറഞ്ഞിരുന്നു. രണ്ടാഴ്ചത്തേക്ക് കപ്പലുകൾക്ക് സുരക്ഷിത യാത്ര അനുവദിക്കാമെന്ന് ഇറാൻ സമ്മതിച്ചിരുന്നെങ്കിലും ലെബനനിൽ ഇസ്രയേൽ ആക്രമണം തുടർന്നതോടെ ഇറാൻ നിലപാട് മാറ്റുകയായിരുന്നു.

അതേസമയം ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കാൻ ഇറാൻ നീക്കം നടത്തുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുദ്ധനഷ്ടം നികത്താനാണ് ഈ നീക്കമെന്നും ഇതിന് അമേരിക്കയുടെ അനുമതി ലഭിച്ചേക്കുമെന്നും വാർത്തകളുണ്ട്. ഹോർമുസ് ഇറാന്റെ സഹകരണത്തോടെ ഭരിക്കുമെന്ന് ആദ്യം പ്രതികരിച്ച ഡൊണാൾഡ് ട്രംപ്, പിന്നീട് തന്റെ നിലപാട് തിരുത്തി. കപ്പലുകളിൽ നിന്ന് പണം ഈടാക്കിയാൽ ഇറാന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് ട്രംപ് നൽകിയ പുതിയ മുന്നറിയിപ്പ്. ഇതോടെ മേഖലയിലെ രാഷ്ട്രീയ സാഹചര്യവും ഇന്ധന വിപണിയും കൂടുതൽ അനിശ്ചിതാവസ്ഥയിലായിരിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe