‘പല വീടുകളിലും ബിജെപി പതിനായിരം രൂപ കൊടുത്തു, തിരുവനന്തപുരത്ത് മാത്രം അവർ കോടികൾ ഒഴുക്കി’: എഎ റഹീം

news image
Apr 12, 2026, 2:45 am GMT+0000 payyolionline.in

വട്ടിയൂർക്കാവിലും കഴക്കൂട്ടത്തും നേമത്തും ബിജെപിയെ സിപിഐഎം തോൽപ്പിക്കുമെന്ന് പാർട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി എഎ റഹിം എംപി. തിരുവനന്തപുരം ജില്ലയിൽ 14 സീറ്റും ഇത്തവണ എൽഡിഎഫ് നേടുമെന്നും എഎ റഹിം ട്വന്റിഫോറിനോട് പറഞ്ഞു. ബിജെപി, വോട്ടർമാർക്ക് 10,000 രൂപയോ അതിൽ അധികമോ നൽകി വോട്ട് വാങ്ങിയിട്ടുണ്ടെന്നും എഎ റഹീം ആരോപിച്ചു. (aa rahim slams bjp)

തിരുവനന്തപുരത്തെ മൂന്ന് സീറ്റുകൾ കണ്ടാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സന്തോഷിക്കുന്നതെങ്കിൽ അത് വെറുതെ ആകുകയേ ഉള്ളൂവെന്ന് എഎ റഹീം പറഞ്ഞു. പണവും മദ്യവുമൊഴുക്കി ഈ പ്രദേശത്തെ ഉത്തരേന്ത്യൻ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഒരു വീട്ടിൽ 10000 രൂപ വീതമൊക്കെ കൊടുക്കുന്നുവെന്നാണ് തങ്ങളുടെ ബോധ്യം. ചില ആൾക്കാരുടെ ലോണുകൾ തീർത്ത് കൊടുക്കുന്നുപോലുമുണ്ട്. തിരുവനന്തപുരത്ത് മാത്രം കോടിക്കണക്കിന് രൂപയാണ് ബിജെപി ഒഴുക്കുന്നത്. ഇത് ഇന്ത്യയെ വിറ്റുകിട്ടുന്ന പണമാണ്. ബിജെപിക്ക് ഇവിടെ വോട്ട് ലഭിച്ചാൽ അത് അവർക്ക് ലഭിക്കുന്ന രാഷ്ട്രീയ വോട്ടുകളാണെന്ന് ധരിക്കേണ്ട. പണം കൊടുത്ത് വോട്ടുവാങ്ങാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാൽ വിജയം എൽഡിഎഫിനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ സർക്കാർ തന്നെ തുടരണമെന്ന ആഗ്രഹമാണ് വോട്ടർമാരെ ബൂത്തിലേക്ക് നയിച്ചതെന്ന് എ എ റഹീം പറഞ്ഞു. ഈ സർക്കാർ വന്നില്ലെങ്കിൽ അവരുടെ പെൻഷൻ മുടങ്ങുമെന്ന് ജനങ്ങൾക്കറിയാം. വികസനം മുരടിക്കുമെന്ന് അവർക്കറിയാം. തമ്മിലടിക്കാത്ത നല്ലൊരു സർക്കാർ വന്നാൽ മാത്രമേ നല്ല ഭരണവും വികസനവുമുണ്ടാകുമെന്ന് ജനങ്ങൾക്കിടയിൽ വലിയ വിശ്വാസമുണ്ടെന്നും ഉറച്ച വിജയ പ്രതീക്ഷയുണ്ടെന്നും എഎ റഹീം കൂട്ടിച്ചേർത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe