ടോറസ് ലോറി തട്ടി കൂറ്റൻ സൈൻബോർഡ് കടപുഴകി; വടകരയിൽ ഡ്രൈവർക്ക് സാരമായ പരിക്ക്

news image
Apr 17, 2026, 3:51 am GMT+0000 payyolionline.in

വടകര: ദേശീയപാതാ നിർമ്മാണത്തിനിടെയുണ്ടായ അശ്രദ്ധയെത്തുടർന്ന് റോഡിന് കുറുകെയുള്ള കൂറ്റൻ സൈൻബോർഡ് കടപുഴകി വീണു. നിർമ്മാണ സ്ഥലത്ത് മണ്ണിറക്കിയ ശേഷം ബോഡി താഴ്ത്താതെ കുതിച്ച ലോറി തട്ടിയാണ് നാല് ടൺ ഭാരമുള്ള ഓവർഹെഡ് ഗാൻട്രി സൈൻബോർഡ് നിലംപതിച്ചത്. ലോറിയുടെ കാബിന് മുകളിലേക്ക് ബോർഡ് വീണതിനെത്തുടർന്ന് ഡ്രൈവർ ഉള്ളിൽ കുടുങ്ങി. സാരമായി പരിക്കേറ്റ ഡ്രൈവറെ വടകര അഗ്നിരക്ഷാസേനയെത്തിയാണ് പുറത്തെടുത്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

ബുധനാഴ്ച പുലർച്ചെ 4.45-ഓടെ പാലോളിപ്പാലം-മൂരാട് ആറുവരിപ്പാത തുടങ്ങുന്ന ഭാഗത്തായിരുന്നു അപകടം. എസ്.പി. ഓഫീസ് പരിസരത്തെ അടിപ്പാത നിർമ്മാണത്തിനായി മണ്ണെത്തിച്ച തമിഴ്‌നാട് രജിസ്‌ട്രേഷൻ ലോറിയാണ് അപകടത്തിൽപ്പെട്ടത്. മണ്ണിറക്കിയ ശേഷം ബോഡി താഴ്ത്താൻ മറന്നതാണ് അപകടകാരണം. 30 മീറ്റർ നീളമുള്ള ബോർഡും അതിന്റെ തൂണുകളും പൂർണ്ണമായും തകർന്നു. അപകടസമയത്ത് റോഡിൽ മറ്റ് വാഹനങ്ങളില്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.

ദേശീയപാതാ നിർമ്മാണത്തിനായി എത്തുന്ന ടോറസ് ലോറികൾ നിയമം ലംഘിച്ച് ചീറിപ്പായുന്നത് ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. അമിതവേഗതയും അശ്രദ്ധയും മൂലം മുൻപും സമാനമായ അപകടങ്ങൾ മേഖലയിൽ ഉണ്ടായിട്ടുണ്ട്. ഈ ലോറികൾക്ക് നിയന്ത്രണങ്ങൾ ബാധകമല്ലെന്ന നിലപാടാണ് അധികൃതരുടേതെന്ന് നാട്ടുകാർ ആരോപിക്കുന്നു. നമ്പർ പ്ലേറ്റ് കൃത്യമായി പ്രദർശിപ്പിക്കാത്തതും ടാക്സ്, ഫിറ്റ്‌നസ് രേഖകളില്ലാത്തതും പരിശോധനകളിൽ കണ്ടെത്തിയിട്ടുണ്ട്. വടകര ആർ.ടി.ഒ.യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നിയമലംഘനം നടത്തിയ വാഹനങ്ങളിൽ നിന്ന് പിഴയീടാക്കി. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe