കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ജഡ്ജി ഹണി എം വർഗീസിന് എതിരെ അതിജീവിത. ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് അതിജീവിത ആവശ്യപ്പെട്ടു. മെമ്മറി കാർഡിലെ നിയമ വിരുദ്ധ പരിശോധനയിൽ ഹണി എം വർഗീസ് ഭാഗമാണെന്ന് രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സിനും നൽകിയ നിവേദനത്തിൽ സൂചിപ്പിക്കുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രിക്കും നിയമ മന്ത്രിക്കും കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനും അതിജീവിത നിവേദനം സമർപ്പിച്ചിട്ടുണ്ട്. തനിക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്ന് നിവേദനത്തിൽ അതിജീവിത പറഞ്ഞു. പീഡന ദൃശ്യങ്ങൾ ചോർന്നതായും നടി കത്തിൽ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകാൻ ഹൈക്കോടതി ശുപാർശ ചെയ്ത സാഹചര്യത്തിലാണ് നിവേദനം നൽകിയത്.
ഹണി എം വർഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാൻ കൊളീജിയം ശുപാർശ ചെയ്തിരുന്നു. ഹണി എം വർഗീസുൾപ്പെടെ അഞ്ച് പ്രിൻസിപ്പൽ ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരാക്കാനായിരുന്നു ഹൈക്കോടതി കൊളീജിയത്തിന്റെ ശുപാർശ. ശുപാർശയിൽ സുപ്രീം കോടതി കൊളീജിയം തീരുമാനമെടുക്കുകയും പിന്നീട് അത് രാഷ്ട്രപതി അന്തിമമാക്കുകയുമാണ് ചെയ്യുന്നത്.
2019ലാണ് അന്ന് സിബിഐ സ്പെഷ്യൽ കോടതി ജഡ്ജിയായിരുന്ന ഹണി എം വർഗീസിനെ നടിയെ ആക്രമിച്ച കേസിൽ പ്രത്യേക കോടതി ജഡ്ജിയായി ഹൈക്കോടതി നിയമിച്ചത്. വനിത ജഡ്ജി വേണമെന്ന് അതിജീവിത ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ഇത്. വർഷങ്ങൾ നീണ്ട വിചാരണയ്ക്ക് ശേഷം 2025 ഡിസംബർ എട്ടിന് കേസിൽ വിധി പ്രഖ്യാപിച്ചു. കുറ്റകൃത്യത്തിൽ നേരിട്ട് ഇടപെട്ട ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളെ 20 വർഷം കഠിനതടവിന് ശിക്ഷിച്ചപ്പോൾ എട്ടാം പ്രതി ദിലീപ് ഉൾപ്പെടെ നാല് പേരെ വെറുതെ വിടുകയും ചെയ്തു.
