മെയ് നാലിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ജില്ലയിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. ജില്ലയിലെ 13 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ മൂന്ന് പ്രധാന കേന്ദ്രങ്ങളിലായി നടക്കും. ഇതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കലക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. വടകര, കുറ്റ്യാടി, നാദാപുരം നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ മടപ്പള്ളി ഗവ. കോളേജിലും കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിലേത് കൂടത്തായി സെന്റ് മേരീസ് എച്ച്.എസ്.എസിലും പേരാമ്പ്ര, കൊയിലാണ്ടി, എലത്തൂർ, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, കുന്ദമംഗലം, ബാലുശ്ശേരി, ബേപ്പൂർ മണ്ഡലങ്ങളിലേത് വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്ലാമിലുമായി നടക്കും.
മെയ് നാലിന് രാവിലെ ആറ് മണിയോടെ സ്ട്രോങ് റൂമുകൾ തുറക്കുന്നതോടെ വോട്ടെണ്ണൽ പ്രക്രിയ ആരംഭിക്കും. തപാൽ വോട്ടുകൾ സൂക്ഷിച്ച സ്ട്രോങ് റൂമാണ് ആദ്യം തുറക്കുക. എട്ടു മണിയോടെ പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങും. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങുന്നത് 8.30-നായിരിക്കും. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ അതീവ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഏജന്റുമാർക്കും ഉദ്യോഗസ്ഥർക്കും പ്രവേശിക്കാനായി പ്രത്യേക കവാടങ്ങൾ സജ്ജീകരിക്കും. കൗണ്ടിങ് ഹാളിനുള്ളിൽ മൊബൈൽ ഫോണുകൾ അനുവദിക്കില്ലെന്നും ഫോണുകൾ സൂക്ഷിക്കാൻ പ്രത്യേക സജ്ജീകരണം ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.
സുതാര്യത ഉറപ്പാക്കാൻ എല്ലാ ടേബിളുകളും നിരീക്ഷിക്കാവുന്ന വിധത്തിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കും. വോട്ടെണ്ണൽ വിവരങ്ങൾ മാധ്യമങ്ങൾക്ക് തത്സമയം ലഭ്യമാക്കാൻ പ്രത്യേക ക്രമീകരണങ്ങളുണ്ടാകും. ഏജന്റുമാർക്കുള്ള പാസ് റിട്ടേണിങ് ഓഫീസർമാർ മുഖേന വിതരണം ചെയ്യും. വോട്ടെണ്ണൽ ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്ന ആദ്യഘട്ട റാൻഡമൈസേഷൻ 27-ന് നടക്കും. ഇവർക്കുള്ള പരിശീലനം ഏപ്രിൽ 29, 30, മെയ് 3 തീയതികളിലായി നടക്കും. കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ സബ് കലക്ടർ എസ്. ഗൗതംരാജ്, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ വി. സുപിൻ എന്നിവരുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. മെയ് നാലിന് ഉച്ചയോടെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പൂർണ്ണരൂപം അറിയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
