ഇരിട്ടി: ബാംഗ്ലൂരിൽ നിന്നും അന്തർസംസ്ഥാന ബസിൽ എംഡിഎംഎ കടത്തിക്കൊണ്ടുവന്ന രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. നുച്യാട് സ്വദേശികളായ എം. മിഥിലാജ് (23), കെ. മുഹമ്മദ് സാദിഖ് (28) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 5.20 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
ലഹരിമരുന്ന് വ്യാപനം തടയുന്നതിന്റെ ഭാഗമായി ദീർഘദൂര ബസുകൾ കേന്ദ്രീകരിച്ച് എക്സൈസ് നടത്തിയ കർശന പരിശോധനയ്ക്കിടയിലാണ് ഇവർ കുടുങ്ങിയത്. ബാംഗ്ലൂരിൽ നിന്നും ഇരിട്ടിയിൽ ബസിറങ്ങിയ ഉടൻ തന്നെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇവരെ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വില്പനയ്ക്കായി എത്തിച്ച മാരക ലഹരിമരുന്ന് കണ്ടെത്തിയത്.
