കോഴിക്കോട്: നഗര വികസനത്തിനായി കേന്ദ്ര ഫണ്ട് ലക്ഷ്യമിട്ട് കോഴിക്കോട് കോർപറേഷൻ നടപ്പാക്കിയ ഫൂഡ് സ്ട്രീറ്റ് പദ്ധതി കച്ചവടക്കാരെ വൻ കടക്കെണിയിലാക്കുന്നു. 2.80 കോടി രൂപയുടെ കേന്ദ്ര ഫണ്ട് നേടിയെടുക്കാൻ വേണ്ടി മാത്രം ആവിഷ്കരിച്ച പദ്ധതിയിൽ, കച്ചവടക്കാരുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ടത് 2.75 കോടി രൂപയുടെ ബാധ്യതയാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. വണ്ടി ലഭിക്കുന്നതിന് മുൻപേ ബാങ്ക് വായ്പ തിരിച്ചടയ്ക്കേണ്ടി വന്നതും അമിതമായ മാലിന്യ നിർമാർജന ഫീസും കച്ചവടക്കാരെ ദുരിതത്തിലാക്കുന്നു.
ഒരു ലക്ഷം രൂപയിൽ താഴെ നിർമ്മാണച്ചെലവ് വരുന്ന ഹൈടെക് ഉന്തുവണ്ടികൾക്ക് മൂന്ന് ലക്ഷം രൂപയാണ് കോർപറേഷൻ ഈടാക്കിയത്. കോയമ്പത്തൂരിൽ നിന്ന് കുറഞ്ഞ ചെലവിൽ വണ്ടികൾ നിർമ്മിക്കാമെന്ന കച്ചവടക്കാരുടെ നിർദ്ദേശം തള്ളിയ അധികൃതർ, ഷൊർണൂരിലെ മെറ്റൽ ഇൻഡസ്ട്രീസിനെയാണ് നിർമ്മാണം ഏൽപ്പിച്ചത്. ജി.എസ്.ടി ഉൾപ്പെടെ വൻ തുക വണ്ടികൾക്ക് നിശ്ചയിച്ചതോടെ കേരള ബാങ്ക് വഴി വായ്പ എടുക്കാൻ കച്ചവടക്കാർ നിർബന്ധിതരായി.
വായ്പാ തുക ബാങ്ക് നേരിട്ട് മെറ്റൽ ഇൻഡസ്ട്രീസിന് നൽകിയതോടെ വണ്ടി ലഭിക്കുന്നതിന് മുൻപേ കച്ചവടക്കാരുടെ തിരിച്ചടവ് ആരംഭിച്ചു. വായ്പ അനുവദിച്ച് എട്ടും ഒൻപതും മാസം കഴിഞ്ഞാണ് പലർക്കും വണ്ടി ലഭിച്ചത്. ഈ കാലയളവിൽ യാതൊരു വരുമാനവുമില്ലാതെ 40,000 രൂപയോളം തിരിച്ചടയ്ക്കേണ്ടി വന്നത് കച്ചവടക്കാർക്ക് വലിയ പ്രഹരമായി. പ്രതിമാസം 7,000 രൂപയാണ് വായ്പാ തിരിച്ചടവ്. ഇതിന് പുറമെ കമേഴ്സ്യൽ നിരക്കിലുള്ള വൈദ്യുതി ബില്ലും വൻ ബാധ്യതയാകുന്നു.
മാലിന്യ സംസ്കരണത്തിനായി പ്രതിമാസം 2000 രൂപ വീതം നൽകണം. മാസങ്ങളായി ഈ തുക പിരിച്ചെടുക്കാതിരുന്ന അധികൃതർ ഇപ്പോൾ ആറ് മാസത്തെ തുക ഒരുമിച്ച് അടയ്ക്കാൻ നോട്ടീസ് നൽകിയിരിക്കുകയാണ്. കൂടുതൽ മാലിന്യമുള്ള ചായക്കടക്കാരനും കുറഞ്ഞ മാലിന്യമുള്ള ചെറിയ കച്ചവടക്കാരും ഒരേ തുക നൽകണമെന്ന വ്യവസ്ഥയും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പദ്ധതിയുടെ ഡിസൈൻ അട്ടിമറിച്ചതായും ആക്ഷേപമുണ്ട്. ഒരേ സ്വഭാവമുള്ള കടകൾ ഒരേ നിരയിൽ വന്നതോടെ പലർക്കും കച്ചവടം കുറഞ്ഞു. പദ്ധതിയുടെ മേൽനോട്ടത്തിനായി രൂപീകരിച്ച പരിപാലന കമ്മിറ്റി കൃത്യമായി പ്രവർത്തിക്കുന്നില്ലെന്നും കച്ചവടക്കാർ ആരോപിക്കുന്നു. കേന്ദ്ര ഫണ്ട് തടസ്സമില്ലാതെ ലഭിക്കാൻ വേണ്ടി മാത്രം കൃത്യമായ പഠനമില്ലാതെ നടപ്പാക്കിയ പദ്ധതി ഇപ്പോൾ സാധാരണക്കാരായ കച്ചവടക്കാരുടെ ജീവിതം വഴിമുട്ടിച്ചിരിക്കുകയാണ്.
