തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ രാഷ്ട്രീയ കേരളത്തിൽ ചൂടേറിയ ചർച്ചകൾ. സംസ്ഥാനത്ത് യുഡിഎഫിന് അധികാരമുറപ്പിക്കുന്ന പ്രവചനങ്ങളാണ് ഭൂരിഭാഗം സർവ്വേകളും നടത്തുന്നത്. എന്നാൽ, എക്സിറ്റ് പോളുകൾ തെറ്റിയ ചരിത്രമുണ്ടെന്നും, യഥാർത്ഥ ‘എക്സാക്റ്റ് പോൾ’ മെയ് നാലിന് തെളിയുമെന്നും പറഞ്ഞ് എൽഡിഎഫ് നേതൃത്വം ഫലങ്ങളെ തള്ളി രംഗത്തെത്തി.
എക്സിറ്റ് പോളുകൾ തെറ്റിയ ചരിത്രമുണ്ടെന്ന് മന്ത്രിയും ബേപ്പൂരിലെ സ്ഥാനാർത്ഥിയുമായ മുഹമ്മദ് റിയാസ് പറഞ്ഞു. തങ്ങൾ പൂർണ്ണ ആത്മവിശ്വാസത്തിലാണ്. ന്യൂനപക്ഷ ഏകീകരണം നടന്നിട്ടില്ലെന്നും രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീ വോട്ടർമാർ എൽഡിഎഫിനൊപ്പം നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എക്സിറ്റ് പോൾ ഫലങ്ങളെ പൂർണ്ണമായും തള്ളുന്നുവെന്ന് മുതിർന്ന സിപിഐഎം നേതാവ് എ.കെ. ബാലനും പ്രതികരിച്ചു. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം നിലവിലില്ല. കേരളത്തിൽ ബിജെപി ഒറ്റ സീറ്റും നേടില്ലെന്നും മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസ് നേതാക്കൾ തമ്മിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
എൻഡിടിവി- ആക്സിസ് മൈ ഇന്ത്യ സർവ്വേ പ്രകാരം യുഡിഎഫിന് 75 മുതൽ 85 വരെ സീറ്റുകളും എൽഡിഎഫിന് 55 മുതൽ 65 വരെ സീറ്റുകളും പ്രവചിക്കുന്നു. ഇന്ത്യാ ടുഡേ- ആക്സിസ് മൈ ഇന്ത്യ സർവ്വേ യുഡിഎഫിന് 78 മുതൽ 90 സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്. മാട്രിസ്, പീപ്പിൾസ് പൾസ് തുടങ്ങിയ സർവ്വേകളും യുഡിഎഫിന് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് സൂചിപ്പിക്കുന്നു. ബിജെപിക്ക് പരമാവധി മൂന്ന് മുതൽ അഞ്ച് വരെ സീറ്റുകൾ മാത്രമേ ലഭിക്കൂ എന്നും സർവ്വേകൾ പ്രവചിക്കുന്നു.
ഏപ്രിൽ ഒമ്പതിന് ഒറ്റഘട്ടമായാണ് കേരളത്തിൽ വോട്ടെടുപ്പ് നടന്നത്. ആകെയുള്ള 2.71 കോടി വോട്ടർമാരിൽ 78.27 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 140 മണ്ഡലങ്ങളിൽ ജനവിധി തേടിയ സ്ഥാനാർത്ഥികളുടെ അന്തിമവിധി മെയ് നാലിന് അറിയാം.
