ഒഞ്ചിയം: ദേശീയപാത വികസനത്തിന്റെ ഭാഗമായി മീത്തലെ മുക്കാളിയിൽ നിർമ്മിക്കുന്ന അടിപ്പാതയുടെ പ്രവൃത്തികൾ ഒന്നരമാസമായി നിലച്ചതോടെ നാട്ടുകാർ കടുത്ത ആശങ്കയിൽ. ചോമ്പാല തുറമുഖം, ബി.ഇ.എം. സ്കൂൾ, സി.എസ്.ഐ. വനിതാ കോളേജ് തുടങ്ങിയ പ്രധാന സ്ഥാപനങ്ങളിലേക്ക് നൂറുകണക്കിന് വിദ്യാർത്ഥികളും പൊതുജനങ്ങളും ആശ്രയിക്കുന്ന പാതയാണിത്.
രണ്ട് മീറ്റർ ഉയരത്തിലും വീതിയിലും അറുപത് മീറ്റർ നീളത്തിലും കാൽനടയാത്രക്കാർക്കായി വിഭാവനം ചെയ്ത അടിപ്പാതയാണിത്. സുരക്ഷിതമായ യാത്രാസൗകര്യം ഒരുക്കുമെന്ന് ദേശീയപാതാ അധികൃതരും നിർമ്മാണ കമ്പനിയും വാഗ്ദാനം നൽകിയിരുന്നെങ്കിലും, നിലവിൽ ഈ ഭാഗം വെള്ളക്കെട്ടായി മാറുന്ന അവസ്ഥയാണുള്ളത്. പടിഞ്ഞാറ് ഭാഗത്തുനിന്നുള്ള മഴവെള്ളം മുഴുവൻ നിർദ്ദിഷ്ട അടിപ്പാതയിലേക്കാണ് ഇപ്പോൾ ഒഴുകിയെത്തുന്നത്.
പഴയ ദേശീയപാതയുടെ നവീകരണം പൂർത്തിയായിട്ടും അടിപ്പാതയുടെ നിർമ്മാണം പാതിവഴിയിൽ നിലച്ചത് പ്രദേശത്തെ ഗതാഗതത്തെയും ബാധിക്കുന്നുണ്ട്. വേനൽമഴ കൂടി ശക്തമായാൽ അടിപ്പാത ചെളിക്കുളമായി മാറുമെന്നും കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ഇതുവഴി നടന്നുപോകാൻ കഴിയില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. നിർമ്മാണത്തിൽ അപാകതകളുണ്ടെന്നും ആക്ഷേപമുണ്ട്.
അടിപ്പാതയുടെ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണമെന്നും സുരക്ഷിതമായ യാത്രാസൗകര്യം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് എ. സുരേഷ് കൺവീനറായി രൂപീകരിച്ച ജനകീയ കമ്മിറ്റി പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകിയിട്ടുണ്ട്.
