തിരുവനന്തപുരം: കടുത്ത വേനൽച്ചൂടിൽ വെന്തുരുകിയ കേരളത്തിന് ആശ്വാസമായി മഴയെത്തിയെങ്കിലും വരും ദിവസങ്ങളിൽ മഴ ഇനിയും കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യത്തിൽ നിന്ന് താപനില കുറഞ്ഞത് ആശ്വാസമാണെങ്കിലും ഇടിമിന്നലോടു കൂടിയ ശക്തമായ മഴ ജനങ്ങളിൽ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാട് തീരത്തോട് ചേർന്ന് രൂപപ്പെടുന്ന ന്യൂനമർദ്ദവും അറബിക്കടലിലും ലക്ഷദ്വീപിനും മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുമാണ് മഴ ശക്തമാകാൻ കാരണം. വടക്കൻ കേരളത്തിലും വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
മഴ കനക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മേയ് 11-ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും 12-ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും ജാഗ്രതാ നിർദ്ദേശമുണ്ട്. മേയ് 13-ന് പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലും 14-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് യെല്ലോ അലേർട്ട്. വേനൽമഴ ശക്തിപ്രാപിച്ചതോടെ ഇടിമിന്നൽ മൂലമുള്ള അപകടങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നത് അധികൃതർ ഗൗരവത്തോടെയാണ് കാണുന്നത്. ഇടിമിന്നലുള്ള സമയങ്ങളിൽ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. സംസ്ഥാനത്ത് ചൂട് 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന സാഹചര്യത്തിൽ നിന്നാണ് ഈ മഴ ആശ്വാസമായെത്തുന്നത്.
